തദ്ദേശവകുപ്പ് തലയൂരി , ആർദ്രം പദ്ധതി കിടപ്പിലായി, സ്റ്റാഫിനെ നൽകേണ്ടത് ആരോഗ്യവകുപ്പെന്ന് തദ്ദേശവകുപ്പ്

Monday 17 June 2024 1:43 AM IST

തിരുവനന്തപുരം: രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി രൂപം നൽകിയ ആർദ്രം പദ്ധതി കിടപ്പിലായി. ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും മറ്റു ജീവനക്കാരും ഇല്ലാതായതാണ് ഒന്നാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയുടെ നടുവൊടിച്ചത്. പദ്ധതിക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിൽ നിന്ന് തദ്ദേശവകുപ്പ് പിൻമാറിയതാണ് കാരണം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയായിരുന്നു പദ്ധതിപ്രകാരം ആദ്യം ചെയ്തത്. ഇതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. പ്രവർത്തനസമയം രാവിലെമുതൽ വൈകിട്ടുവരെയുമാക്കി. 2017ൽ പദ്ധതി ആരംഭിച്ചപ്പോൾ ആരോഗ്യവകുപ്പിനു പുറമേ തദ്ദേശവകുപ്പ് നിയോഗിക്കുന്ന താത്കാലിക ഡോക്ടർ,നഴ്സ്,ഫാർമസിസ്റ്റ്,ലാബ് ടെക്‌‌നീഷ്യൻ എന്നിവരുടെ സേവനം രാവിലെ 9മുതൽ വൈകിട്ട് ആറുവരെ ലഭിച്ചിരുന്നു. ദൈനംദിന ചികിത്സയ്ക്ക പുറമേ ശ്വാസകോശ രോഗങ്ങൾ,വിഷാദം,ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മെഡിക്കൽ ക്യാമ്പുകളും ഇവിടെ നടത്തിയിരുന്നു.

മൂന്നു ഡോക്ടർ, 4സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2ജീവനക്കാർ രണ്ടു പേർ എന്നിങ്ങനെയാണ് ആർദ്രം പദ്ധതിപ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്. ഇതിൽ ഒരു ഡോക്ടറും രണ്ടു നഴ്സും മറ്റു ജീവനക്കാർ ഓരോന്ന് വീതവുമാണ് അതത് തദ്ദേശസ്ഥാപനങ്ങൾ നിയോഗിച്ചുപോന്നത്. എന്നാൽ,​ കഴിഞ്ഞവർഷം ഒക്ടോബർ 25ന് തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവ് ഈ ധാരണയെ തകിടം മറിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടർ ഒരു പാരമെഡിക്കൽ സ്റ്റാഫ് എന്നിങ്ങനെ മാത്രം നിയോഗിച്ചാൽ മതിയെന്നായിരുന്നു അതിലെ നിർദ്ദേശം. പാരാമെഡിക്കൽ സ്റ്റാഫ് എന്നത് നഴ്സ്,ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിങ്ങനെ ആരെയങ്കിലും ഒരാളെ നിയമിക്കാം. അധിക സ്റ്റാഫിനെ നൽകേണ്ട ചുമതല ആരോഗ്യവകുപ്പിനാണെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവിനുമുമ്പ് നിയമിതരായവരുടെ കാലാവധി മാർച്ച്,ഏപ്രിൽ മാസത്തോടെ കഴിഞ്ഞു. പുതിയ ഉത്തരവു പ്രകാരമുള്ള നിയമനവും നടക്കാത്ത സ്ഥിതിയാണുള്ളത്. ഇതോടെ ഉച്ചയ്ക്കുശേഷം ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. നിലവിലുള്ള ജീവനക്കാർ പ്രതിസന്ധിയിലുമായി.

പുതിയ ഉത്തരവിലെ കുരുക്ക്

തദ്ദേശസ്ഥാപനങ്ങൾ ആർദ്രത്തിനായി ജീവനക്കാരെ നിയോഗിക്കണമെങ്കിൽ തദ്ദേശമന്ത്രി അദ്ധ്യക്ഷനായ കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കണമെന്നാണ് പുതിയ തീരുമാനം. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ ഡി.എം.ഒ വഴി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് അപേക്ഷ നൽകണം. ആരോഗ്യവകുപ്പ് ഡയറക്ടർ പ്രതിമാസം നടക്കുന്ന കോഓർഡിനേഷൻ കമ്മിറ്റിയിൽ ഇക്കാര്യം അറിയിക്കണം. താഴേ തട്ടിൽ തീരുമാനമെടുക്കേണ്ട വിഷയം സങ്കീർണമാക്കിയത് പദ്ധതി പൊളിക്കാനാണെന്ന് ആക്ഷേപമുണ്ട്.

683 കുടുംബാരോഗ്യ കേന്ദ്രങ്ങൾ

886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് ലക്ഷ്യമിട്ടത്

2017ൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി തുടക്കമിട്ടു

 ഘട്ടംഘട്ടമായി 683 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി

Advertisement
Advertisement