പക്ഷിപ്പനിയില്‍ കനത്ത ജാഗ്രത, ജനിതകവ്യത്യാസമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരും

Monday 17 June 2024 8:49 AM IST

ആലപ്പുഴ: പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഏപ്രിലിലാണ് കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍ ഇതുവരെ നടത്തിയ പരിശോധനകളിലൊന്നും തന്നെ മനുഷ്യരില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ തന്നെ പശ്ചിമ ബംഗാളില്‍ നാല് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത നടപടി കേരളം ശക്തമാക്കുന്നത്.

പക്ഷിപ്പനി ബാധിച്ച് മെക്‌സിക്കോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരില്‍ റിപ്പോര്‍ട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച് 5 എന്‍ 2 വൈറസാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചത്. ഇതേ വൈറസാണ് മെക്‌സിക്കോയില്‍ മനുഷ്യജീവനെടുത്തത്. എന്നാല്‍, ബംഗാളിലെ കുട്ടിയില്‍ എച്ച് 9 എന്‍ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂര്‍വമായേ പകരാറുള്ളൂ.

എന്നാല്‍, ജനിതകവ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കു പടരാനുള്ള സാദ്ധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. പക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ സ്രവപരിശോധന നടത്തും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ചികിത്സ നല്‍കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐസിയു സംവിധാനം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒരുക്കിയിരുന്നു.