മുഖ്യമന്ത്രിയെ ഭയന്നില്ല, എസ്എഫ്‌ഐയെ തെരുവില്‍ നേരിട്ടു; ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും നിയമിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

Monday 17 June 2024 9:01 AM IST

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണറായി വീണ്ടും നിയമനം ലഭിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്തംബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തെ അഞ്ച് വര്‍ഷത്തേക്ക് കൂടി കേരളത്തില്‍ തന്നെ നിയമിക്കാനാണ് ആലോചിക്കുന്നതാണ് സൂചനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രാഷ്ട്രപതിക്കു ചുമതല നീട്ടി നല്‍കാം. കാലാവധി പൂര്‍ത്തിയാക്കിയാല്‍ പുതിയ നിയമനം ഉണ്ടാകുന്നതുവരെ തുടരാനുമാകും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള പരസ്യമായ പോര് മുതല്‍ തെരുവില്‍ എസ്എഫ്‌ഐയെ നേരിട്ടത് വരെയുള്ള വിവിധ ഘടകങ്ങളാണ് ഗവര്‍ണറെ കേന്ദ്രത്തിന് പ്രിയപ്പെട്ടതാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സഹായകമായെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍വകലാശാലകളിലെ നിയമനങ്ങള്‍, എസ്എഫ്‌ഐ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ക്കെതിരെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെല്ലാം ഗവര്‍ണര്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.

പൊതുസമൂഹത്തിന് മുന്നില്‍ സര്‍ക്കാരിന്റെയും സര്‍ക്കാര്‍ അനുകൂല സംഘടനകളുടേയും നേതൃത്വത്തില്‍ ജനവിരുദ്ധ നടപടികളാണ് നടക്കുന്നതെന്ന് വിളിച്ച് പറയുന്നതായിരുന്നു ഗവര്‍ണറുടെ ഇടപെടലെന്നും ബിജെപി വിലയിരുത്തുന്നു.നിയമസഭ പാസാക്കിയ ബില്ലുകള്‍ തടയുകയും പിന്നീട് രാഷ്ട്രപതിക്ക് അയച്ചതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള തുറന്ന പോര് സംസ്ഥാനത്ത് വോട്ടര്‍മാരെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവര്‍ണറായി നിയമിക്കാന്‍ ആലോചന നടക്കുന്നത്.

സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ നിയമപോരാട്ടം കടുപ്പിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതോടൊപ്പം തന്നെ കുവൈറ്റില്‍ അപകടമുണ്ടായപ്പോള്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സംഭവ സ്ഥലത്തേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ഗവര്‍ണര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തിലെ ഒരു മന്ത്രി അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ലെന്നായിരുന്നു വീണ ജോര്‍ജ് വിഷയത്തില്‍ ഗവര്‍ണറുടെ അഭിപ്രായം.

പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ച ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെ പലപ്പോഴും ശക്തമായ ഭാഷയില്‍ അദ്ദേഹം രംഗത്തുവന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാതെ പിടിച്ചുവച്ചും ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച അദ്ദേഹം സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. കേരളത്തിലെ ശരിക്കുള്ള പ്രതിപക്ഷം എന്ന വ്യാഖ്യാനംപോലും അദ്ദേഹത്തിന് ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്തു.

ഏറ്റവും ഒടുവില്‍ ലോക കേരളസഭയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ ചീഫ് സെക്രട്ടറിയോട് അദ്ദേഹം സര്‍ക്കാരിനെതിരെ പരുഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പങ്കെടുക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറിയോട് തുറന്നുപറഞ്ഞ അദ്ദേഹം സകല ഭരണഘടനാസ്ഥാപനങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വിമര്‍ശിക്കുകയും ചെയ്തു. തന്റെ വാഹനം ആക്രമിച്ചു കേടുവരുത്തിയപ്പോള്‍, അതു ജനാധിപത്യപരമായ പ്രതിഷേധമെന്നാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അക്രമികളെ മന്ത്രിമാര്‍ പലരും ഹസ്തദാനം നടത്തി പ്രോത്സാഹിപ്പിച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement
Advertisement