പത്ത് വർഷത്തിനിടെ ഇങ്ങനെ സംഭവിക്കുന്നത് ആദ്യം, കൊടുക്കേണ്ടത് ഉയർന്ന വില, ചതിച്ചത് കാലാവസ്ഥ

Monday 17 June 2024 5:52 PM IST

കുമളി: മധുരത്തിന്റെ വ്യത്യസ്ത രുചികൾ നാവിൻ തുമ്പിലെത്തുന്ന ഒരു മാമ്പഴ സീസൺ കൂടി വരവായി. ഏറെ വിളവ് കുറഞ്ഞ ഒരു മാമ്പഴ സീസണാണ് ഈ വർഷത്തേത്. അത് കൊണ്ട് തന്നെ വിപണിയിൽ മാമ്പഴത്തിന് ഉയർന്ന വിലയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഉത്പാദന തകർച്ചയ്ക്ക് കാരണമെന്ന് കർഷകർ പറയുന്നു.


മാവ് പൂവിടുന്ന സമയം മഴ ലഭിക്കാത്തതും പ്രതികൂലമായി. കഴിഞ്ഞ പത്ത് വർഷത്തിനിടെ മാങ്ങാ ഉത്പാദനത്തിൽ ഇത്രമാത്രം കുറവുണ്ടാകുന്നത് ആദ്യമാണെന്നാണ് കർഷക സംഘം നേതാക്കൾ പറയുന്നത്. തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിലെ മാന്തോപ്പുകളിൽ നിന്നാണ് വിവിധ മാങ്ങാ ഇനങ്ങൾ നമ്മുടെ കൈകളിൽ എത്തുന്നത്. സിന്ദൂരം, മൽഗോവ, സേലം, അൽഫോൺസ, മല്ലിക മാങ്കോ, കോട്ടുകോണം, കൊളംമ്പോ, ഹിമാംപസന്ദ്, നീലം , കേസർ ... തുടങ്ങി പതിനഞ്ചോളം ഇനം മാങ്ങകളാണ് വിപണിയിലുള്ളത്. ഇതിൽ മാങ്ങകളിലെ രാജാവ് എന്നറിയപ്പെടുന്ന അൽഫോൻസയാണ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്.

മാങ്ങകളിൽ ഏറ്റവും ചെറിയ ഇനത്തിൽപ്പെട്ട ചക്കരക്കുട്ടി ഉത്പാദനം വളരെ കുറവായിരുന്നു. ഉഷ്ണകാല പഴമായ മാമ്പഴം മലയാളിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. ഏപ്രിലിൽ ആരംഭിച്ച മാമ്പഴ സീസണിൽ ലഭ്യമായിരുന്ന മാമ്പഴ ഇനങ്ങളിൽ ഒട്ടുമിക്ക ഇനങ്ങളും ഉത്പാദനം കുറഞ്ഞ് ലഭ്യമല്ലാതായിരിക്കുകയാണ്. ഇപ്പോൾ മൽഗോവ, നീലം, ഹിമാംപസന്ദ് തുടങ്ങി ഏതാനും ഇനങ്ങൾ മാത്രമാണ് വിപണിയിലുള്ളത്. ഇതിന്റെയും ലഭ്യത രണ്ടാഴ്ചയ്ക്കുള്ളിൽ തീരെ കുറയുമെന്ന് മാങ്ങാ മൊത്ത കച്ചവടക്കാർ പറയുന്നു. ജനപ്രിയ ഇനമായ അൽഫോൺസായാണ് ഏറ്റവും വിറ്റഴിഞ്ഞത്. ഏറ്റവും വില കൂടിയ മിയാസാക്കി, നൂർ ജഹാൻ എന്നീ ഇനങ്ങൾ സാധാരണക്കാരുടെ വിപണിയിൽ എത്തിയതേയില്ല.

'നേരത്തെ കേരളത്തിൽ നിന്ന് കുടുംബമായി എത്തുന്നവർ വലിയ തോതിൽ മാങ്ങാ പഴം വാങ്ങിയാണ് മടങ്ങുന്നത്. എന്നാൽ ഇത്തവണ മാമ്പഴ സീസൺ വരെ മോശമായിരുന്നു"

-കാറൽ മാർക്സ്, മാങ്ങാ മൊത്തവ്യാപാരി,​ കമ്പം

Advertisement
Advertisement