ഈ ഐഡിയ ഉപയോഗിച്ചാണ് ശമ്പളം കൊടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പൊതുജനം തിരിയും

Monday 17 June 2024 6:40 PM IST

തിരുവനന്തപുരം: ഓർഡിനറിക്ക് ഫാസ്റ്റ് പാസഞ്ചർ ബോർഡുവച്ച് വരുമാനം കൂട്ടാനുള്ള തരികിടയുമായി കെ.എസ്.ആർ.ടി.സി ബസുകൾ. തിരുവനന്തപുരം ജില്ലയിൽ സിറ്റി ഫാസ്റ്റ് ബോർഡുവച്ച് തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളവരെ ഇത്തരം ബസുകൾ സർവീസ് നടത്തും. മറ്റു ജില്ലകളിൽ നിലവിലെ ഓർഡിനറി ബസുകളാവും ഫാസ്റ്റ് പാസഞ്ചറായി ഓടുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള കുറുക്കുവഴിയാണിത്.

ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താൻ ആവശ്യത്തിന് ബസില്ല. അപ്പോൾ ഓർഡിനറി ബസുകളെത്തന്നെ ഫാസ്റ്റ് പാസഞ്ചർ സർവീസുകളായി മാറ്റുകയാണ്. ഓർഡിനറിയുടെ ടിക്കറ്റ് നിരക്ക് 10, 12, 15 രൂപ ക്രമത്തിലാണ്. സിറ്റി ഫാസ്റ്റിൽ 12,15,18 രൂപ ക്രമത്തിൽ ഈടാക്കാം.

നേരത്തെ ചില ഡിപ്പോകൾ കേന്ദ്രീകരിച്ച് ഓർഡിനറിയെ ഫാസ്റ്റാക്കി വരുമാനം കൂട്ടിയിരുന്നു. വകുപ്പ് മന്ത്രിയായി ഗണേശ്‌കുമാർ വന്നതോടെ ഇത് വ്യാപകമാക്കുകയാണ്.

2023ൽ തിരുവനന്തപുരം ജില്ലയിൽ 1936 ഓർഡിനറി ബസുകൾ സർവീസ് നടത്തിയിരുന്നു. 2024 ജനുവരിയിൽ അത് 1836 ആയി കുറഞ്ഞു. ഇപ്പോൾ പ്രതിദിനം 1000 ബസുകൾ പോലും ഓർഡിനറിയായി ഓടുന്നില്ല. മറ്റുജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ.

നഗരത്തിൽ 10 രൂപയ്ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസുകളുടെ നിരക്കുകൾ നേരത്തെ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ അവയിൽ മിക്കബസുകളും സിറ്റി ഫാസ്റ്റാക്കുകയാണ്. 10രൂപയ്ക്ക് യാത്ര ചെയ്തിരുന്നവർ 15, 18 രൂപ നൽകേണ്ടിവരുന്നു. സർവീസുകളുടെ എണ്ണം കുറയുമ്പോൾ ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്നവരുടെ എണ്ണം കൂടും. കിട്ടുന്ന ബസിൽ തിക്കിത്തിരക്കി യാത്രചെയ്യാൻ നിർബന്ധിതരാകും. അപ്പോൾ കളക്ഷൻ കൂടും. ഓ‌ർഡിനറി ബോർഡ് മാറ്റി ഫാസ്റ്റാക്കുമ്പോൾ വീണ്ടും വരുമാനംകൂടും.

സർവീസുകൾ താഴേക്ക്

4300- 4500:

കഴിഞ്ഞ വർഷം

നടത്തിയ സർവീസ്

3900-4200:

ഇപ്പോൾ നടത്തുന്ന

സർവീസുകൾ

15 ലക്ഷം കി.മീ:

കഴിഞ്ഞ വർഷം

പ്രതിദിനം ഓടിയത്

14 ലക്ഷം കി.മീ:

ഇപ്പോൾ പ്രതിദിനം

ഓടുന്നത്

`കെ.എസ്.ആർ.ടി.സി സർവീസ് പുനക്രമീകരണം നടത്തുകയാണ്. ഇതിലൂടെ ഇപ്പോൾ പത്തനാപുരം ഡിപ്പോയിൽ 103 ശതമാനം ലാഭവർദ്ധനയാണുണ്ടായി. സംസ്ഥാനത്താകെ അത് നടപ്പാക്കും. പ്രതിമാസം 73 കോടി രൂപ നഷ്ടമാണ്. ഈ നില തുടരാനാവില്ല'

- ഗതാഗത മന്ത്രി ഗണേശ്‌കുമാർ

(നിയമസഭയിൽ പറഞ്ഞത്)

Advertisement
Advertisement