കൊച്ചിക്കാരുടെ സ്വന്തം മെട്രോ റെയില്‍ വമ്പന്‍ നേട്ടത്തിലേക്ക്, 2025ല്‍ വേറെ ലെവലാകും

Tuesday 18 June 2024 8:11 PM IST

കൊച്ചി: തിങ്കളാഴ്ചയാണ് കൊച്ചി മെട്രോ റെയില്‍ സര്‍വീസ് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയത്. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണത്തിലും വലിയ കുതിപ്പ് തുടരുകയാണ് മെട്രോ. ഇപ്പോഴിതാ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് 90,000ന് മുകളിലാണ് പ്രതിദിന ശരാശരി.

സ്ഥിരമായി മെട്രോ യാത്ര നടത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നത് കൊണ്ട് തന്നെ വൈകാതെ ഒരു ലക്ഷം യാത്രക്കാര്‍ എന്ന കണക്കിലേക്ക് എത്തുമെന്നാണ് കെഎംആര്‍എല്‍ അധികൃതരുടെ പ്രതീക്ഷയും. 2017 ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്.

പിന്നീട് വിവിധ ഘട്ടങ്ങളിലായി നിര്‍മാണം തുടര്‍ന്ന മെട്രോ റെയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് തൃപ്പുണിത്തുറ വരെ എത്തി നില്‍ക്കുകയാണ്. നിലവില്‍ 28.4 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന കൊച്ചി മെട്രോയ്ക്ക് 25 സ്‌റ്റേഷനുകളാണുള്ളത്.

കലൂര്‍ സ്റ്റേഡിയംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണകരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ളത്. നിര്‍മാണകരാര്‍ കൈമാറിയാല്‍ ജൂലായ് മാസത്തില്‍ തന്നെ നിര്‍മാണം ആരംഭിക്കും.

ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍നിന്ന് വായ്പയ്ക്കുള്ള നടപടികളും പൂര്‍ത്തിയായി. നിര്‍മാണം ആരംഭിച്ചാല്‍ 18 മാസത്തിനുള്ളില്‍ 11.2 കിലോമീറ്റര്‍ പിങ്ക് പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് പാതയിലെ 11 സ്റ്റേഷനുകളില്‍ സ്റ്റേഡിയം ഒഴികെ പത്തെണ്ണമാണ് നിര്‍മിക്കേണ്ടത്.

സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു. 1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെയോ 2026ന്റെ ആരംഭത്തിലോ കാക്കനാട് വരെയുള്ള ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement
Advertisement