അപകടം ശരീരത്തെ മാത്രമേ തളർത്തിയുള്ളൂ മനസിനെയല്ല, നമ്മളോരോരുത്തരും അറിയണം ഹനീഫയുടെ ശീലങ്ങൾ

Tuesday 18 June 2024 8:31 PM IST

മലപ്പുറം:ചെറുമുക്ക് പള്ളിക്കത്തായത്ത് കുഞ്ഞി പീടിയേക്കൽ ഹനീഫ ചെറുമുക്ക്, വളരെ ചെറുപ്പം മുതലേ വായനയുടെ ലോകത്തെത്തിയയാളാണ്. നല്ലൊരു വായനക്കാരിയായിരുന്ന ഉമ്മയുടെ പ്രചോദനമാണ് ഇതിന് സഹായിച്ചത്. പാറക്കടവ് ജി എം യു പി സ്‌കൂളിലെ മലയാളം അദ്ധ്യപകരായിരുന്ന ബഷീർ കൊടുങ്ങല്ലൂരും വിജയൻ മാഷും ഹനീഫയുടെ വായനാശീലത്തെ ഏറെ സ്വാധീനിച്ച അദ്ധ്യാപകരാണ്.
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ 'ലെൻഡിങ് ലൈബ്രറി' എന്ന പേരിൽ ഹോം ലൈബ്രറി തുടങ്ങി ഹനീഫ.


മൂന്നിയൂരിലെ ഹൈസ്‌കൂൾ പഠനകാലത്തെ മലയാളം അദ്ധ്യാപകരും വായനയുടെ ലോകത്ത് ഹനീഫയുടെ വഴികാട്ടികളായിരുന്നു, വെളിമുക്കിലെ സാദിഖ് മാഷിന്റെ പേര് പ്രത്യകം എടുത്തു പറയേണ്ടതുണ്ട്. ഹയർസെക്കണ്ടറിയിൽ പഠിക്കുമ്പോഴാണ് വാഹനാപകടത്തിൽ പെട്ട് അരയ്ക്കു താഴെ തളർന്നത്. വായന കൊണ്ട് ജീവിത സ്വപ്നങ്ങൾക്ക് ചിറക് നൽകി.ശരീരം തളർത്തിയ അപകട ശേഷം മൂന്നിയൂർ ആലിൻ ചുവട്ടിൽ ടെലിഫോൺ ബൂത്ത് നടത്തിയപ്പോൾ അനുബന്ധമായി ലൈബ്രറിയുമുണ്ടാക്കി. ഇതിൽ രണ്ടായിരത്തോളം ബുക്കുകൾ ഹനീഫ വായിച്ചതായിരുന്നു.ഇപ്പോൾ മുവായിരത്തിൽ പരം ബുക്കുകൾ പുസ്തകശേഖരത്തിൽ ഉണ്ട്. രണ്ടായിരത്തിൽ മുന്നിയൂരിൽ നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നട്ടെല്ലിന്ന് ക്ഷതമേറ്റ് ജോലിക്ക് പോവാൻ പറ്റാതെയായി, കേരളത്തിന് പുറമേ കർണാടക ,മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് മുച്ചക്ര വാഹനത്തിൽ യാത്ര ചെയ്യും വായനയോടും യാത്രയോടുമാണ് ചെറുപ്പത്തിൽ തന്നെ താൽപര്യം.


'നല്ല വായനക്കാരായിരുന്ന മാതാപിതാക്കളും അദ്ധ്യാപകരുമാണ് എന്നെ വായനയിലേക്ക് അടുപ്പിച്ചത്' ഹനീഫ പറയുന്നു.പിന്നീട് മറ്റു അധ്യാപകരുടെ പ്രോത്സാഹനം സാഹിത്യകൃതികളിലേക്കെത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാളത്തിൽ ബിരുദം നേടി. ഒരു ദിവസം ഒരു പുസ്തകമെങ്കിലും വായിക്കും ഹനീഫ. ലൈബ്രറികൾക്കും സ്ഥാപനങ്ങൾക്കുമായി രണ്ട് ലക്ഷത്തിലേറെ രൂപയുടെ പുസ്തകങ്ങൾ വാങ്ങി നൽകി. വായിക്കുക മാത്രമല്ല മറ്റുള്ളവരെ വായിപ്പിക്കുകയും ചെയ്യും.


വായിച്ചു കഴിഞ്ഞ പുസ്തകങ്ങളെല്ലാം സൗജന്യമായോ കുറഞ്ഞ വിലക്കോ ലൈബ്രറികൾക്കു നൽകും. വായിച്ച പുസ്തകങ്ങളെപ്പറ്റി കുറിപ്പെഴുതും. 4500 പുസ്തകങ്ങൾക്കാണ് ഇതുവരെ ഹനീഫ റിവ്യൂ എഴുതിയത്. മുന്ന് വർഷം തിരൂരങ്ങാടി യംഗ്‌മെൻസ് പബ്ലിക് ലൈബ്രറിയിൽ അസി. ലൈബ്രേറിയനായിരുന്നു. മുംബൈയിലും വിവിധ പ്രദേശങ്ങളിലും ചെറുപ്പത്തിൽ തന്നെ കുറച്ചു കാലം കഴിഞ്ഞുകൂടി. പതിനൊന്നാം വയസിൽ മാതാപിതാക്കളോടൊപ്പം വിദേശയാത്രയും നടത്തിയിട്ടുണ്ട് ഹനീഫ. വായനാദിനത്തോടനുബന്ധിച്ച് ധാരാളം സ്‌കൂളുകളിലും കോളേജുകളിലും വായനയെക്കുറിച്ച് സംസാരിക്കാൻ ഹനീഫയെ ക്ഷണിക്കാറുമുണ്ട്.

Advertisement
Advertisement