ചൂർണിക്കരയിൽ വനിതകളുടെ വായനാവസന്തം

Wednesday 19 June 2024 1:58 AM IST

ആലുവ: ഇന്റർനെറ്റ് യുഗത്തിലും വായനയുടെ വസന്തവുമായി മാതൃകയായി ചൂർണിക്കര പഞ്ചായത്ത് ലൈബ്രറി. ഒരു വർഷത്തോളമായി 'അക്ഷരദീപം' പദ്ധതിയിലൂടെ 800 വീടുകളിലാണ് ലൈബ്രറി പുസ്തകമെത്തിക്കുന്നത്. ഇന്റർനെറ്റ് സ്വാധീനം മൂലം ലൈബ്രറിയിലെത്തി പുസ്തകം എടുക്കുന്ന സ്ത്രീകൾ കുറഞ്ഞപ്പോഴാണ് ലൈബ്രറി മറുമരുന്ന് കണ്ടുപിടിച്ചത്. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി ഒന്നര ലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങി. കുടുംബശ്രീകളിൽ നിന്ന് 55 വനിതകളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. 2023 മെയ് 27ന്പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

വൊളണ്ടിയർമാർക്ക് പുസ്തക കിറ്റ് മാറ്റിയെടുക്കാൻ എല്ലാ മാസത്തേയും ആദ്യത്തെ ഞായറാഴ്ച്ച ലൈബ്രറിയിൽ സൗകര്യമൊരുക്കും. കഴിഞ്ഞ വർഷം വായനാദിനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് പദ്ധതിയെക്കുറിച്ചുള്ള ഡോക്യൂമെന്ററി തയ്യാറാക്കി പ്രക്ഷേപണം ചെയ്തു. വാതിൽപ്പടി പുസ്തക വിതരണം ചെയ്യുന്ന ഇത്രയും വിപുലമായ പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. സ്ത്രീകളെ വായനയിലേക്ക് തിരികെ കൊണ്ടു പോകുന്ന ഈ പദ്ധതിയെക്കുറിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ഗവേഷണം നടത്തുകയാണ്.

'അക്ഷരദീപം' പുസ്തക വിതരണം

15 പുസ്തകങ്ങടങ്ങിയ 60 പുസ്തകസഞ്ചികൾ

 ഓരോ കിറ്റിലും നോവൽ, ചെറുകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ

ഓരോ വൊളണ്ടിയറും ഒരുദിവസം ഒരു ബുക്ക് എന്ന നിലയിൽ വീടുകളിൽ എത്തിക്കുന്നു

Advertisement
Advertisement