ഹജ്ജിന് പരിസമാപ്തി; ഹാജിമാർ മടങ്ങി

Wednesday 19 June 2024 4:12 AM IST

മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിൽ അവസാന കല്ലേറ് കർമ്മവും പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പ് മിനായിൽ നിന്നും വിടവാങ്ങി. നാലാം ദിവസത്തെ കല്ലേറ് കർമ്മം കൂടി ആഗ്രഹിക്കുന്ന ഹാജിമാർ മാത്രമാണ് ഇന്നലെയും അവിടെ തങ്ങിയത്. അവരും ഇന്ന് മടങ്ങും. സാത്താന്റെ പ്രതിരൂപമായ ജംറകളിൽ ഇന്നലെ കല്ലേറ് കർമ്മങ്ങൾ പൂർത്തിയാക്കി സൂര്യാസ്തമയത്തിന് മുമ്പ് മിനായുടെ അതിർത്തി വിട്ട ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തിയതോടെയാണ് ഹജ്ജിന് സമാപനമായത്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 18 ലക്ഷത്തിലധികം പേർ പങ്കെടുത്തതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 16.11 ലക്ഷംപേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും 2.21 ലക്ഷംപേർ ആഭ്യന്തര തീർത്ഥാടകരുമാണ്. പുരുഷന്മാർ 9.58 ലക്ഷം, സ്ത്രീകൾ

8.75 ലക്ഷം. കടുത്ത ചൂടുമൂലം ജോർദാനിൽ നിന്നെത്തിയ 14പേർ മരിച്ചു.

അറബ് രാജ്യങ്ങളിൽ നിന്ന് 22.3 ശതമാനം, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 63 ശതമാനം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 11.3 ശതമാനം തീർത്ഥാടകരാണ് ഹജ്ജിനെത്തിയത്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ നിരക്ക് 3.2 ശതമാനമാണെന്നും ജനറൽ അതോറിറ്റി അറിയിച്ചു.

Advertisement
Advertisement