ഇൻസ്റ്റഗ്രാം താരം ജീവനൊടുക്കി: ആൺസുഹൃത്ത് അറസ്റ്റിൽ

Wednesday 19 June 2024 4:30 AM IST

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ഇൻസ്റ്റഗ്രാം താരവുമായ 17കാരി ജീവനൊടുക്കിയ സംഭവത്തിൽ മുൻ സുഹൃത്തിനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ബിനോയി​യെയാണ് (21) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഇൻസ്റ്റഗ്രാം താരമാണ്.

ഇക്കഴിഞ്ഞ 10ന് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കെ മാതാപിതാക്കൾ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മരിച്ചു. പെൺകുട്ടിയും ബിനോയിയും ഇൻസ്റ്റഗ്രാമിൽ നിരവധി റീലുകൾ ചെയ്തിരുന്നു. എന്നാൽ,​ നാലുമാസം മുമ്പ് ഇവർ പിണങ്ങിപ്പിരിഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. മകളെ സോഷ്യൽ മീഡിയ വഴി കെണിയിൽ വീഴ്‌ത്തി ചതിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം.

പെൺകുട്ടിയുടെയും ബിനോയിയുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചു. മൊബൈലുകളിൽ നിന്ന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

തലസ്ഥാനത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടി പ്ളസ് ടുവിന് രണ്ട് വിഷയത്തിൽ പരാജയപ്പെട്ടിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടതിനും റീൽസ് ചെയ്ത് സമയം കളയുന്നതിനും മാതാപിതാക്കൾ ശാസിച്ചിരുന്നതായി പെൺകുട്ടിയുടെ സുഹൃത്തിന്റേതെന്ന തരത്തിൽ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

മാതാപിതാക്കളും സഹോദരനും സന്തോഷമായി ഇരിക്കണമെന്ന് ജീവനൊടുക്കാൻ ശ്രമിക്കും മുമ്പ് ഇൻസ്റ്റഗ്രാമിൽ പെൺകുട്ടി പോസ്റ്റിട്ടിരുന്നു. ഓട്ടോ ഡ്രൈവറാണ് പിതാവ്. അനുജൻ സ്കൂൾ വിദ്യാർത്ഥിയും. തലസ്ഥാന നഗരത്തോട് ചേർന്നാണ് കുടുംബത്തിന്റെ താമസം.

സൈബർ ആക്രമണവും

ഇരുവരും പിരിഞ്ഞതിനെ തുടർന്ന് യുവാവിന്റെ ഫോളോവർമാർ പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. തുടർന്ന് പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സൈബർ ആക്രമണം അന്വേഷിക്കാൻ സൈബർ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

പിന്നിൽ ബിനോയിയെന്ന് പിതാവ്
മകളുടെ മരണത്തിന് കാരണം ബിനോയിയാണെന്ന് വിശ്വസിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യഥാർത്ഥ മരണകാരണം പുറത്തുവരണം. ബിനോയി മുമ്പ് വീട്ടിൽ വരാറുണ്ടായിരുന്നു. നാലുമാസം മുമ്പ് പിണങ്ങിയെന്നാണ് മകൾ പറഞ്ഞത്. സൈബർ ആക്രമണം മാത്രമാണ് മരണകാരണമെന്ന് കരുതുന്നില്ല. വിശദമായ അന്വേഷണം നടത്തണം.

Advertisement
Advertisement