നഗരം കാത്തിരിക്കുന്ന പദ്ധതികൾ പൊടിപിടിച്ചുകിടക്കുന്നു സമരം ഇനി സെക്രട്ടേറിയറ്റിൽ

Wednesday 19 June 2024 12:34 AM IST
corp

 കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരുടെ സമരം സെക്രട്ടേറിയറ്റിൽ

 മാർച്ചും ധർണയും നാളെ രാവിലെ 11ന്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ നിലവിൽ വന്ന് നാലാംവർഷത്തിലേക്ക് കടക്കുമ്പോഴും സർക്കാർ മുമ്പാകെ സമർപ്പിച്ച നിരവധി പദ്ധതികൾ സെക്രട്ടേറിയറ്റിൽ പൊടിപിടിച്ച് കിടക്കുകയാണെന്നും അനുമതിക്ക് വേണ്ടി യാതൊരു നീക്കവും കോർപ്പറേഷൻ ഭരണകൂടം കാണിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് കൗൺസിലർമാർ നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ആഴ്ചതോറും തിരുവനന്തപുരത്തും ഡൽഹിയിലും വിദേശത്തും യാത്ര ചെയ്യുന്ന ഭരണ നേതാക്കന്മാർ നഗരവികസനത്തിന് മുതൽക്കൂട്ടാകുന്ന സുപ്രധാനമായ പദ്ധതികൾക്കു സർക്കാരിന്റെ അംഗീകാരം വാങ്ങിയെടുക്കാൻ ശ്രമങ്ങൾ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് നീക്കം.

നിലവിലെ കൗൺസിൽ വരുന്നതിന് നാലുമാസം മുമ്പ് സമർപ്പിച്ച അപേക്ഷകൾ പോലും പരിഗണിക്കാതെ പൊടിപിടിച്ച് കിടക്കുകയാണ്. നഗരത്തിന് നഷ്ടപ്പെട്ട പരസ്യകുത്തക അവകാശം തൃശൂർ,തിരുവനന്തപുരം കോർപ്പറേഷനുകൾ വീണ്ടെടുത്തത് പോലെ ബൈലോ തയ്യാറാക്കി സമർപ്പിച്ച് നാലുവർഷം കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. കോഴിക്കോട് നഗരത്തിൽ തുടർച്ചയായുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കല്ലായിപ്പുഴ നവീകരണം മാത്രമാണ് പ്രതിവിധി. പത്ത് വർഷത്തിനുള്ളിൽ പദ്ധതിയ്ക്ക് അഞ്ചു തവണ ടെൻഡർ ഇതിനകം ക്ഷണിച്ചു. എന്നിട്ടും സർക്കാർ അംഗീകാരം നൽകിയിട്ടില്ല.

ഗതാഗതക്കുരുക്കിന്ന് പരിഹാരമായി സ്റ്റേഡിയത്തിലെയും കിഡ്സൺ കോർണറിലെയും പാർക്കിംഗ് പ്ലാസ, ബീച്ചിലെ ലോറി, കാർ പാർക്കിംഗ്, ലയൺസ് പാർക്ക് നവീകരണം, ടാഗോർ ഹാൾ നവീകരണം, പുതിയ സ്റ്രേഡിയം തുടങ്ങിയ പദ്ധതികൾ ഒരു വർഷത്തിലേറെയായി സർക്കാരിന്റെ മുമ്പിലാണ് . നഗരവികസനത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന 150 കോടി രൂപ അഞ്ചുവർഷമായി സർക്കാരിൽ കിടക്കുന്നു.

വിരമിച്ച ജീവനക്കാർക്കു സർക്കാരിന് വേണ്ടി നൽകിയതാണ് ഈ തുക. സർക്കാർ അനുമതി നൽകേണ്ട പദ്ധതികൾ വാങ്ങിയെടുക്കാൻ കോർപ്പറേഷന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് കൗൺസിലർമാർ സർക്കാരിനെ നേരിട്ട് സമീപിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ 11ന് യു.ഡി.എഫ് കൗൺസിലർമാർ നിയമസഭ സമ്മേളിക്കുന്ന വേളയിൽ സഭാമന്ദിരത്തിനു മുമ്പിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ. സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻകോയയും അറിയിച്ചു.

Advertisement
Advertisement