പൊറോട്ടയ്ക്ക് നികുതി കുറച്ച ഉത്തരവിന് സ്റ്റേ

Wednesday 19 June 2024 4:34 AM IST

കൊച്ചി: പാതിവേവിച്ച് പായ്ക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടി മാത്രമേ ഈടാക്കാവൂ എന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിശദമായ വാദം കേൾക്കും.

18 ശതമാനം ജി.എസ്.ടി ചുമത്തിയ സർക്കാർ ഉത്തരവാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്. റൊട്ടി, ചപ്പാത്തി തുടങ്ങിയവയ്ക്കു മാത്രമാണ് 18 ശതമാനം ജി.എസ്.ടിയിൽ ഇളവ് നൽകിയിട്ടുള്ളതെന്ന് അപ്പീലിൽ പറയുന്നു. പൊറോട്ടയും നികുതി വേണ്ടാത്ത റൊട്ടിയും രണ്ടാണെന്നും പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി ബാധകമാണെന്നും സ്പെഷ്യൽ ഗവ. പ്ലീഡർ മുഹമ്മദ് റഫീഖ് വാദിച്ചു.
18 ശതമാനം ജി.എസ്.ടി.ഈടാക്കാനുള്ള തീരുമാനത്തിനെതിരെ മോഡേൺ ഫുഡ് എന്റർപ്രൈസസാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement