നെല്ല് വില കിട്ടിയില്ല, പാലക്കാട്ട് കർഷകൻ ആത്മഹത്യ ചെയ്തു

Wednesday 19 June 2024 4:40 AM IST

പാലക്കാട്: നെല്ല് വില കിട്ടിയില്ല, പാലക്കാട്ട് കർഷകൻ ആത്മഹത്യ ചെയ്തു. പുതുശ്ശേരി വേനോലി വടക്കേത്തറ സ്വദേശി രാധാകൃഷ്ണൻ (56) ആണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനാണ് വീട്ടിൽ രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സപ്ലൈകോയിൽ നിന്ന് സംഭരണ തുക യഥാസമയം ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി വിളവെടുക്കുന്ന നെല്ല് രാധാകൃഷ്ണൻ ഓപ്പൺ മാർക്കറ്റിലാണ് വില്പന നടത്തിയിരുന്നത്. ഇത്തവണയും രണ്ടാംവിള ഓപ്പൺ മാർക്കറ്റിൽ നൽകി മുഴുവൻ പണവും കൈപ്പറ്റി. എന്നാലിത് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ മാത്രമാണ് തികഞ്ഞത്.

രണ്ട് ബാങ്കുകളിലായി രാധാകൃഷ്ണന് വായ്പയുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. മൂന്ന് ഏക്കർ പാടത്ത് ഒന്നാംവിളയിറക്കാൻ പണം തികയാതെ വന്നതോടെ രാധാകൃഷ്ണൻ കടുത്ത മാനസിക സമ്മർദ്ദത്തിലായി. തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement
Advertisement