ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയാവും

Wednesday 19 June 2024 4:00 PM IST

തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരിക്കാൻ ജെ.ഡി.എസ് കേരള ഘടകം. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.

പാർട്ടി ദേശീയ നേതൃത്വം എൻ.ഡി.എ ഘടകകക്ഷിയായി മാറിയതോടെയാണ് അവരുമായുള്ള ബന്ധം വേർപ്പെടുത്തി പുതിയ പാർട്ടി രൂപീകരിക്കുന്നത്. ബി.ജെ.പിയോടൊപ്പംനിന്ന് പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ഘടകമായി കേരളത്തിലെ ഘടകം അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും എൽ.ഡി.എഫിന്റെ ഭാഗമായി തുടരുമെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് എം.എൽ.എ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ ജെ.ഡി.എസ് ഒരു പാർട്ടിയെന്നതൊഴിച്ചാൽ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തു കൊണ്ടാണ് കേരളത്തിലെ ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവർത്തിക്കുന്നത്. എന്നാൽ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.. പാർട്ടിയുടെ കേരളത്തിലെ നിലവിലുള്ള ജനപ്രതിനിധികൾക്ക് ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളിലേക്ക് നീങ്ങും.. ജനതാദൾ (എസ്) എന്ന പേര് കേരളത്തിലെ പാർട്ടിക്ക് ഉപേക്ഷിക്കേണ്ടിവരും. പുതിയ പാർട്ടി രജിസ്റ്റർ ചെയ്യും. പുതിയ പാർട്ടിയിലേക്ക് കേരള ഘടകം ലയിക്കാനാണ് ആലോചന. ഇതിന് നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിക്കണം. ദേശീയ നേതൃത്വം ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കും. ആർ.ജെ.ഡി യുമായി ലയിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ്ദി വാദി പാർട്ടിയുമായുള്ള ലയനം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നേതൃയോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം ഭാരവാഹികളും ഈ ആവശ്യത്തെ പിന്തുണച്ചു.

Advertisement
Advertisement