തലശ്ശേരിയിൽ ബോംബ് പൊട്ടി വൃദ്ധന് ദാരുണാന്ത്യം

Wednesday 19 June 2024 4:04 AM IST

തലശ്ശേരി: ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ വീണ തേങ്ങ പെറുക്കാനെത്തിയ വൃദ്ധൻ സ്റ്റീൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ചു. എരഞ്ഞോളി വാടിയിൽപീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധനാണ് (85)ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനം.

മരണമടഞ്ഞ അയൽവാസിയുടെ വീട് നാളുകളായി പൂട്ടിയിട്ടിരിക്കയാണ്. വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ മുന്നിൽ കണ്ട സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചതും പൊട്ടിത്തെറിച്ചു. സ്ഫോടനവും നിലവിളിയും കേട്ടെത്തിയ അയൽവാസികൾ വലതുകൈ അറ്റുതൂങ്ങിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വേലായുധനെയാണ് കണ്ടത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതയായ ഇന്ദ്രാണിയാണ് വേലായുധന്റെ ഭാര്യ. മക്കൾ :ജ്യോതി, ഹരീഷ്, മല്ലിക, മരുമക്കൾ: രാജീവൻ, ഷിൽന.

വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഫോടനസ്ഥലം നിരീക്ഷണത്തിലാക്കി. തലശ്ശേരി എ.എസ്.പി ഷഹൻഷാ, സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു ആന്റണി, എസ്.ഐ നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പറമ്പ് പരിശോധിച്ചു.

Advertisement
Advertisement