പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ നേരെയാക്കുമെന്ന പ്രഖ്യാപനം പാഴ് വാക്ക് ജലജീവനിൽ കുരുങ്ങി ജനജീവൻ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കാതെ അധികൃതർ

Wednesday 19 June 2024 12:53 AM IST
വെട്ടിപ്പൊളിച്ചിട്ട് നേരെയാക്കാത്ത അത്തോളി രണ്ടാം വാർഡ് റോഡ്‌

കോഴിക്കോട് : കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലെ അത്തോളി മേഖലയിൽ ജലജീവൻ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ നേരെയാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ് വാക്കുകളായി. ജൂൺ 15നകം വെട്ടിപ്പൊളിച്ചിട്ട റോഡുകളെല്ലാം നേരെയാക്കാമെന്നായിരുന്നു വാക്ക്. എന്നാലിപ്പോൾ അറ്റകുറ്റപ്പണികൾക്കായി ക്വാറിവേസ്റ്റ് കിട്ടാനില്ലെന്ന കരാറുകാരന്റെ മുടന്തുന്യായങ്ങളിൽ കുരുങ്ങി പ്രവൃത്തി ഇഴയുകയാണ്. മഴ കൂടിയായതോടെ അപകടങ്ങളും നിരവധി. വലിയ പ്രതിഷേധത്തിലാണ് പ്രദേശത്തെ ജനം. റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ജലജീവൻ മിഷൻ എൻജിനീയർ ഉൾപ്പെടെയുള്ളവരെ പഞ്ചായത്ത് ഓഫീസിൽ ഭരണസമിതിയംഗങ്ങൾ പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് അത്തോളി പൊലീസ് ഇടപെട്ട് ചർച്ച നടത്തിയപ്പോഴാണ് ജൂൺ 15 നകം പ്രശ്നം പരിഹരിക്കുമെന്ന് ജലജീവൻ അധികൃതർ ഭരണ സമിതിയ്ക്ക് ഉറപ്പ് നൽകിയത്.

റോഡ് നന്നാക്കൽ പണി തുടരുകയാണെന്നാണ് കരാർ കമ്പനി പ്രൊജക്ട് മാനേജർ ഷാജി ദാമോദർ പറയുന്നത്. ജോലികൾ തുടങ്ങിയെങ്കിലും മഴയും ക്വാറി വേസ്റ്റിന്റെ ലഭ്യതക്കുറവും കാരണം മുഴുവനും പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഷാജി വ്യക്തമാക്കി. പഞ്ചായത്ത് ഭരണസമിതി നടത്തിയ സമരത്തെ തുടർന്നായിരുന്നു അസി. എക്‌സി എൻജിനിയർ പഞ്ചായത്തിലെത്തി കരാറുകാരനുമായി ചർച്ച നടത്തിയത്. റോഡ് വെട്ടിപ്പൊളിച്ചത് നന്നാക്കുമെന്ന് ഉറപ്പ് നൽകിയ ദിവസം
അസി. എക്‌സിക്യുട്ടീവ് എൻജിനിയറെ ബന്ധപ്പെട്ടപ്പോൾ പ്രവൃത്തി കഴിവതും വേഗം പൂർത്തിയാക്കാൻ അദ്ദേഹം കരാറുകാരോട് നിർദ്ദേശിച്ചതായി പ്രസിഡന്റ് പറഞ്ഞു. അതേ സമയം കനത്ത മഴയുള്ളപ്പോൾ ചെയ്ത കോൺക്രീറ്റ് ഇളകി ഒലിച്ചു പോയതിനാലാണ് അത്തരം പ്രവൃത്തികൾ മാറ്റിവച്ചതെന്ന് ഷാജി ദാമോദർ പറഞ്ഞു .
മഴ മാറുന്ന സമയത്തേ കുത്തനെയുള്ള റോഡുകളുടെ പ്രവൃത്തി ചെയ്യാനാവുകയുള്ളൂ. ബാക്കി റോഡുകളുടെ പ്രവൃത്തി തുടരും. പത്താം വാർഡിലെ പ്രവൃത്തി തടഞ്ഞതും സബ് കരാറുകാർക്ക് പ്രശ്‌നമായിരുന്നു. അത്തോളി പഞ്ചായത്തിലെ ജലജീവന്റെ പ്രവൃത്തികൾ 90ശതമാനവും പൂർത്തിയായിട്ടുണ്ട്. ഇനി റോഡുകളുടെ അറ്റകുറ്റപ്പണിയും വീടുകളിലേക്കുള്ള കണക്ഷൻ നൽകലും മെയിൻ ടാങ്കിന്റെ പ്രവൃത്തിയുമാണ് ബാക്കിയുള്ളത്. ഇതുവരെ എടുത്ത പണിക്കുള്ള ബില്ലുകൾ സർക്കാരിൽ നിന്നും മാറിക്കിട്ടാത്തതും പ്രവൃത്തി ഇഴയാൻ കാരണമായതായും ഷാജി പറയുന്നു.
കോഴിക്കോട് ജില്ലയിലെ 9 പഞ്ചായത്തുകളിൽ കരാർ എടുത്തിട്ടുള്ള റീന എൻജിനീയറിംഗ് കമ്പനിക്ക് ഈ പദ്ധതി പ്രകാരം 125 കോടി രൂപയുടെ കുടിശ്ശികയുള്ളതായി അദ്ദേഹം പറഞ്ഞു. ഇതുപോലെ ജില്ലയിൽ തന്നെ ഒട്ടനവധി കമ്പനികൾ പ്രവൃത്തി ചെയ്യുന്നുണ്ട്. അവർക്കും ബില്ലുകൾ കിട്ടാനുണ്ട്. അത്തോളിയിലെ തന്നെ മെയിൻ ലൈൻ പ്രവൃത്തി മലപ്പുറത്തെ മിഡ് ലാൻഡ് കമ്പനിയാണ് ചെയ്യുന്നത്. നഗരറോഡുകളും ഗ്രാമീണറോഡുകളുമടക്കം ഇത്തരത്തിൽ ജലജീവനിൽ കുരുങ്ങി ഇഴയുമ്പോൾ പരസ്പരം പഴിചാരി ഒഴിയുകയാണ് അധികൃതർ.

Advertisement
Advertisement