ഡോ.സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‍സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ

Wednesday 19 June 2024 1:16 AM IST

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷനായി ചെന്നൈ അതിഭദ്രാസനാധിപൻ ഡോ. സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. സഭാദ്ധ്യക്ഷനായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കാലംചെയ്തതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ജോഷ്വാ മാർ ബർണബാസ് എപ്പിസ്‌കോപ്പയെ സിനഡ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. 22ന് തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും.

പത്തനംതിട്ട ചെറുകോൽ കീക്കൊഴൂർ ഓറേത്തു കൈതപ്പതാലിൽ കുടുംബത്തിൽ 1959 ആഗസ്റ്റ് 27നാണ് സാമുവൽ മാർ തിയൊഫിലോസ് ജനിച്ചത്. 17-ാം വയസിൽ സഭാപ്രവർത്തനം ആരംഭിച്ചു. കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.

2004 മുതൽ 2007 വരെ ബിലീവേഴ്സ് ചർച്ചിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. തുടർന്ന് ഒരു വർഷം തിരുവല്ല മേജർ സെമിനാരിയുടെ പ്രിൻസിപ്പലായി. 1987ൽ ഡീക്കനായി. 1997ൽ പുരോഹിതനായും 2006ൽ എപ്പിസ്‌കോപ്പയായും ഉയർന്നു. മലയാളത്തിലും ഇംഗ്ലിഷിലും കന്നഡയിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Advertisement
Advertisement