മൂന്നാം അലോട്ട്മെന്റ് ഇന്ന്; അവസരം കാത്തിരിക്കുന്നത് 46,839 വിദ്യാർത്ഥികൾ

Tuesday 18 June 2024 11:20 PM IST

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ ജില്ലയിൽ അവസരം കാത്തിരിക്കുന്നത് 46,839 വിദ്യാർത്ഥികൾ. എന്നാൽ ആകെ അവശേഷിക്കുന്നത് 14,600 സീറ്റുകളാണ്. ജില്ലയിൽ ആകെ 82,446 അപേക്ഷകരും 49,670 സീറ്റുകളുമാണുള്ളത്. രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞ വ്യാഴാഴ്ച പൂർത്തിയായിരുന്നു. മൂന്നാം അലോട്ട്‌മെന്റ് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ആണ്.മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചാൽ ഇന്നും നാളെയുമായി പ്രവേശനം ലഭിച്ച സ്‌കൂളുകളിൽ ചേരാൻ സാധിക്കും. 24ന് ക്ലാസുകൾ ആരംഭിക്കും. കൂടാതെ, സ്‌പോർട്സ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ അന്തിമ അലോട്ട്‌മെന്റും ഇന്ന് പ്രസിദ്ധീകരിക്കും.

ഇതുവരെ അപേക്ഷിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലോ അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്ത അപേക്ഷകർക്കും ഇനി വരുന്ന സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. കൂടാതെ, മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകുകയും ചെയ്യാം.

സ്ഥിരപ്രവേശനം നേടണം

പ്രവേശനം ലഭിച്ചവർ രക്ഷാകർത്താവിനൊപ്പം ഒറിജിനൽ സർട്ടിഫിക്കറ്റുമായി സ്‌കൂളിലെത്തി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഇനി ഉയർന്ന ഓപ്ഷൻ നിലനിറുത്താനുള്ള അവസരമില്ല. പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ശേഷമാകും സപ്ലിമെന്ററി പ്രവേശന നടപടികൾ ആരംഭിക്കുക.

സീറ്റ് ക്ഷാമം രൂക്ഷം

ജില്ലയിൽ വിജയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ്‌വൺ സീറ്റുകളില്ലെന്ന വിമർശനം ശക്തമാണ്. പ്ലസ് വൺ പ്രവേശനത്തിന് യോഗ്യരായവരുടെ എണ്ണം നോക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റ് ക്ഷാമം നേരിടുന്ന ജില്ല മലപ്പുറമാണ്. ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയ ജില്ലയും മലപ്പുറമായിരുന്നു, 11,974 പേർ.

Advertisement
Advertisement