സർക്കാർ ഫണ്ട്  നൽകിയില്ല: മഞ്ചേരിയിൽ ജീവൻരക്ഷാ മരുന്നുകളും  ഡയാലിസിസ് കിറ്റ് വിതരണം മുടങ്ങി

Tuesday 18 June 2024 11:31 PM IST

മഞ്ചേരി: നഗരസഭയിൽ ജീവൻ രക്ഷാ മരുന്നുകളുടെ വിതണവും ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണം മുടങ്ങി. നഗരസഭക്ക് സർക്കാർ നൽകുവാനുള്ള ഫണ്ട് നൽകാത്തതാണ് കാരണം. മാർച്ചിന് മുമ്പ് നൽകേണ്ട പദ്ധതികൾക്ക് സർക്കാർ പണം നൽകാത്തിനാൽ ജനങ്ങളെ സാരമായി ബധിക്കുന്ന പല ആവശ്യങ്ങളും നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ് നഗരസഭ. പ്ലാൻ ഫണ്ടുമാത്രമല്ല, സി.എഫ്.സി, ടയ്ഡ് ഫണ്ടും സർക്കാർ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആരോഗ്യ മേഖലയിൽ മാലിന്യ സംസ്‌കരണം, ജീവൻ രക്ഷാമരുന്നു വിതരണം അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള പദ്ധതികളും മുടങ്ങിക്കിടക്കുന്നതിൽപെടും. മഞ്ചേരിയിൽ കിഡ്നിരോഗികളുടെ ഡയാലിസിസ് കിറ്റ് വിതരണവും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള ജീവൻരക്ഷാമരുന്നുകളുടെ വിതരണവും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പദ്ധതി വിഹിതം സ്പിൽഓവർ ആയി മാറിയിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ വി.എം.സുബൈദ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റഹീം പുതുക്കൊള്ളി എന്നിവർ പറഞ്ഞു. അവയവമാറ്റം നടത്തി ജീവിതത്തിലേക്ക് തിരിച്ചെത്താൻ പാടുപെടുന്ന രോഗികൾക്കുള്ള സഹായവും നിലച്ച അവസ്ഥയാണ്. ജീവൻ രക്ഷാമരുന്നുകളുടെയും ഡയാലിസിസ് കിറ്റുകളുടെയും വിതരണം കൂടുതൽ നടക്കുന്ന മഞ്ചേരിയിൽ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് നഗരസഭാ അദ്ധ്യക്ഷ വി.എം.സുബൈദ ആവശ്യപ്പെട്ടു.


സംസ്ഥാനത്ത് സി.എഫ്.സി ഫണ്ടുപയോഗിച്ച് ചാലക്കുടിയിലും മഞ്ചേരി നഗരസഭയിലും നടപ്പിലാക്കുന്ന മൊബൈൽ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് (എഫ്.എസ്.ടി.പി) ചാലക്കുടിയിൽ തുടക്കമിട്ടെങ്കിലും മഞ്ചേരിയിൽ തുടങ്ങാനായില്ല. ഇതിനും സർക്കാർ ഫണ്ട് നൽകാത്തതാണ് കാരണം. മഞ്ചേരിയിൽ മാത്രം 45 ലക്ഷമാണ് പദ്ധതിക്കായി അനുവദിച്ചത്. മൊബൈൽ യൂണിറ്റിനുള്ള വാഹനവും മറ്റു സൗകര്യവും ഒരുക്കിയെങ്കിലും ഫണ്ടില്ലെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്.

Advertisement
Advertisement