ചുരുങ്ങിയ സമയത്തില്‍ വന്‍ ലാഭം, കൊച്ചിക്ക് നേട്ടമായത് ഈ ഒറ്റക്കാര്യം

Wednesday 19 June 2024 12:10 AM IST

കേരളത്തിലെ രണ്ട് കേന്ദ്ര പൊതുമേഖലാ കമ്പനികളുടെയും വിപണി മൂല്യത്തില്‍ ചരിത്ര മുന്നേറ്റം

കൊച്ചി: കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല കമ്പനികളായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡും(ഫാക്ട്) ഓഹരി വിപണിയില്‍ പുതുചരിത്രമെഴുതുന്നു. ചുരുങ്ങിയ കാലയളവില്‍ ഇരു കമ്പനികളുടെയും വിപണി വിഹിതത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. പൊതുമേഖല കമ്പനികളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയതും ബിസിനസ് വളര്‍ച്ചയ്ക്കായി അനുകൂല സാഹചര്യങ്ങളൊരുക്കിയതുമാണ് ഇവര്‍ക്ക് നേട്ടമായത്.

432 രൂപയില്‍ നിന്ന് 2,320 രൂപയിലേക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചുരുങ്ങിയ സമയത്തില്‍ നിക്ഷേപകര്‍ക്ക് വന്‍ ലാഭം നല്‍കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചരിത്രക്കുതിപ്പ് തുടരുകയാണ്. ഇന്നലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരി വില 9.35 ശതമാനം ഉയര്‍ന്ന് 2,320 രൂപയിലെത്തി.

അന്തര്‍വാഹിനികളുടെയും വലിയ കപ്പലുകളുടെയും നിര്‍മ്മാണ കരാര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഒഴുകിയെത്തിയതാണ് കമ്പനിക്ക് വന്‍ നേട്ടമായത്. പ്രാരംഭ ഓഹരി വില്പനയില്‍ 432 രൂപയിലാണ് ഷിപ്പ്യാര്‍ഡ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. മാര്‍ച്ച് 28ന് കമ്പനിയുടെ ഓഹരി വില 872 രൂപയിലായിരുന്നു. ഏപ്രില്‍ ആദ്യ വാരത്തില്‍ ഓഹരി വില 1,155 രൂപയായും വിപണി മൂല്യം 30,400 രൂപയായും ഉയര്‍ന്നു. രണ്ട് മാസത്തിന് ശേഷം കമ്പനിയുടെ ഓഹരി വില 2,320 രൂപയിലേക്കും വിപണി മൂല്യം 61,055 കോടി രൂപയായും ഉയര്‍ന്നു. കഴിഞ്ഞ വാരം മാത്രം കമ്പനിയുടെ ഓഹരി വിലയില്‍ 12 ശതമാനം വര്‍ദ്ധനയുണ്ട്.

വമ്പന്‍ നേട്ടത്തോടെ ഫാക്ട്

രണ്ട് വര്‍ഷത്തിനിടെ കൊച്ചി ആസ്ഥാനമായ ഫാക്ടിന്റെ ഓഹരി വില നൂറ് രൂപയില്‍ നിന്ന് 866 രൂപയായി കുതിച്ചുയര്‍ന്നു. കാര്‍ഷിക മേഖലയിലെ മികച്ച സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ഉയര്‍ത്തിയതാണ് കമ്പനിക്ക് ഗുണമായത്. ഇതോടൊപ്പം പ്രവര്‍ത്തന ചെലവ് കുറച്ചതും അധിക വരുമാനം കണ്ടെത്തിയതും അനുകൂല സാഹചര്യമൊരുക്കി. രാസവളം മേഖലയില്‍ സ്വയം പര്യാപ്തത നേടാനുള്ള നടപടികള്‍ ഫാക്ടിന് വലിയ നേട്ടമാകുമെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്.

കമ്പനി വിപണി മൂല്യം

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 61,055 കോടി രൂപ

ഫാക്ട് 56,088 കോടി രൂപ

Advertisement
Advertisement