കോച്ച് ഇഗോറിനെ പുകച്ച് പുറത്താക്കി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ

Wednesday 19 June 2024 12:58 AM IST

തോൽവിയിൽ ഫെഡറേഷനും ഉത്തരവാദിത്വമെന്ന് സ്റ്റിമാച്ച്

ന്യൂഡൽഹി : ഇന്ത്യൻ ഫുട്‌ബാൾ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷനെതിരെ ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് രംഗത്ത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കാതെ ഇന്ത്യൻ ടീം പുറത്തായതിനു പിന്നാലെയാണ് ഫെഡറേഷൻ ഭാരവാഹികൾ യോഗം ചേർന്ന് കോച്ചിനെ പുറത്താക്കിയത്. എന്നാൽ തന്നെ പുറത്താക്കിയതുകൊണ്ട് മാത്രം ഇന്ത്യൻ ടീം രക്ഷപെടില്ലെന്നും ടീമിന്റെ പ്രകടനത്തിൽ ഫെഡറേഷൻ ഭാരവാഹികൾക്കും ഉത്തരവാദത്വമുണ്ടെന്നും അവരും രാജിവയ്ക്കണമെന്നും ഇഗോർ ആവശ്യപ്പെട്ടു.

ഈ മാസം 11ന് വിവാദ ഗോളിൽ ഖത്തറിനെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ 2-1ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം റൗണ്ട് കാണാതെ പുറത്തായത്. അടുത്തിടെ ഫിഫ റാങ്കിംഗിൽ ഇന്ത്യ 121-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വിരമിച്ച സുനിൽ ഛെത്രിക്ക് പകരക്കാരനെ വളർത്തിയെടുക്കാൻ കഴിയാത്തതും പുറത്താക്കലിന് വഴിയൊരുക്കി.

ഇഗോർ 14-ാമൻ

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ 14-ാമത്തെ വിദേശ കോച്ചാണ് ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ച്.

2019ലാണ് ഇന്ത്യൻ കോച്ചിന്റെ കുപ്പായമണിയുന്നത്.

ഇന്റർകോണ്ടിനെന്റൽ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്പ്യൻഷിപ്പ് എന്നിങ്ങനെ മൂന്ന് ടൂർണമെന്റുകളിൽ ഇന്ത്യയെ ജേതാക്കളാക്കി.

കഴിഞ്ഞവർഷം ഫിഫ റാങ്കിംഗിൽ ഇന്ത്യയെ ആദ്യ നൂറിനുള്ളിൽ തിരിച്ചെത്തിച്ചു.

ഈ വർഷം എ.എഫ്.സി കപ്പിൽ ഒറ്റക്കളിയും ജയിക്കാതെ മടങ്ങേണ്ടിവന്നതും ലോകകപ്പ് യോഗ്യതയിൽ പരാജയപ്പെട്ടതും തിരിച്ചടിയായി.

53 മത്സരങ്ങളിലാണ് ഇഗോർ ഇന്ത്യയെ പരിശീലിപ്പിച്ചത്. ഇതിൽ 19 വിജയങ്ങൾ നേടിക്കൊടുത്തു. 20 മത്സരങ്ങളിൽ തോൽക്കുകയും 14 സമനിലകൾ വഴങ്ങുകയും ചെയ്തു. അവസാന എട്ട് മത്സരങ്ങളിൽ വിജയിപ്പിക്കാൻ കഴിഞ്ഞില്ല.

25 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിനാണ് എ.ഐ.എഫ്.എഫ് 2025 ഒക്ടോബർ വരെ ഇഗോറുമായി കരാർ പുതുക്കി ഒപ്പിട്ടിരിക്കുന്നത്. കാലാവധി പൂർത്തിയാകും മുമ്പ് ഏകപക്ഷീയമായി പുറത്താക്കിയാൽ മൂന്ന്കോടിയോളം രൂപ ഇന്ത്യൻ ഫെഡറേഷൻ ഇഗോറിന് നഷ്ടപരിഹാരം നൽകേണ്ടിവരും.

Advertisement
Advertisement