ദുരന്തം മഴയത്ത് മരച്ചുവട്ടിൽ: ഉറ്റ സുഹൃത്തുക്കളുടെ വേർപാടും ഒന്നിച്ച്

Wednesday 19 June 2024 12:58 AM IST
കേളങ്കാവിൽ ഇടിമിന്നലിൽ മരിച്ച രജനിക്കും,സരോജത്തിനും ഉച്ചക്ക് കഴിക്കാൻ കൊണ്ട് വന്ന പൊതികൾ മിന്നിൽ ഏറ്റ വൃക്ഷത്തിൻെറ ചുവട്ടിൽ വച്ചിരിക്കുന്നു.

പുനലൂർ: ഇടിമിന്നലേറ്റ് മരിച്ച അയൽ വാസികളും ഉറ്റ സുഹൃത്തുക്കളുമായ നഗരസഭയിലെ കേളങ്കാവ് ഇടകുന്ന് മുളവെട്ടിക്കോണം സ്വദേശിനികളായ രജനിയുടെയും സരോജത്തിന്റെയും അകാല വേർപാട് ഗ്രാമവാസികളെ തീരാ ദുഃഖത്തിലാഴ്ത്തി.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും അയൽവാസികൾ ഒന്നിച്ച് യാത്ര പറഞ്ഞതാണ് നാടിനെ ഞെ‌ട്ടിച്ചത്. ഇടകുന്ന് മുളവെട്ടിക്കോണത്ത് റബർ വെട്ടി ഒഴിഞ്ഞ സ്വകാര്യ ഭൂമിയിൽ സഹപ്രവർത്തകരായ ബിന്ദു, യമുന, അർച്ചന, മണികണ്ഠൻ എന്നിവർക്കൊപ്പം കാട് വെട്ടാൻ ഇറങ്ങിയതായിരുന്നു ഇരുവരും. കേളങ്കാവ് റോഡിന്റെ ഇരുവശങ്ങിലായിരുന്നു ഇരുവരുടെയും വീടുകൾ. വർഷങ്ങളായി ഇരുവരും ആത്മ സുഹൃത്തുക്കളാണ്. തൊഴിലുറപ്പ് ജോലിക്കും മറ്റും ഇരുവരും ഒന്നിച്ചാണ് പോകാറുള്ളത്. ഇന്നലെ കാട് വെട്ടുന്ന ജോലിക്കും ഒന്നിച്ചാണ് പോയത്. സമീപത്തെ വൃക്ഷച്ചുവട്ടിൽ ഉച്ചഭക്ഷണ പൊതി വച്ചശേഷമാണ് ജോലികൾ ആരംഭിച്ചത്. എന്നാൽ ഇരുവരും ഒരുമിച്ച് യാത്രയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് എസ്.എൻ.ഡി.പിയോഗം എരിച്ചിക്കൽ ശാഖാംഗമായ രജനി കുടുംബം പോറ്റാനാണ് കൂലിപ്പണിക്ക് ഇറങ്ങിയത്. ആറ് മാസം മുമ്പ് ക്യാൻസർ ബാധിച്ച് ഭർത്താവ് മോഹനൻ മരിച്ചതോടെയാണ് കുടുംബം പോറ്റാൻ രജനി ജോലിക്കിറങ്ങിയത്. രജനിയുടെ വേർപാടോടെ ഒരു കുടുംബം അനാഥമായി.

കാർപ്പെന്റർ ജോലി ചെയ്യുന്ന സരോജത്തിന്റെ ഭർത്താവിന്റെയും വിദേശത്ത് ജോലി ചെയ്യുന്ന മകന്റെയും വരുമാനം ഉണ്ടെങ്കിലും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണ് തൊഴിലുറപ്പിനും മറ്റും പോകുന്നത്. നാടിന്റെ ഏത് പ്രവർത്തനങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്ന ഇരുവരുടെയും വേർപാട് താങ്ങാനാതെ വിങ്ങുകയാണ് നാട്. ഇടിമിന്നലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ട പരിഹാരം നൽകണണെന്ന് ആവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നിവേദനം നൽകി.

Advertisement
Advertisement