24 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ 

Wednesday 19 June 2024 1:12 AM IST

കൊല്ലം: ആന്ധ്രയിൽ നിന്ന് കൊല്ലത്തേയ്ക്ക് കാറിൽ കൊണ്ടുവരികയായിരുന്ന 24 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാരിപ്പള്ളി കോട്ടയ്‌ക്കേറം ചിത്രാലയത്തിൽ വാവ എന്ന് വിളിക്കുന്ന വിഷ്ണുദത്ത്, കല്ലുവാതുക്കൽ മേവറക്കോണം ആഴാത്ത് വീട്ടിൽ അനീഷ് എന്നിവരെയാണ് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സമെന്റും എക്‌സൈസ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡും ജില്ലാ എക്സൈസ് സർക്കിൾ ഓഫീസ് അധികൃതരും ചേർന്ന് പിടികൂടിയത്. കാറും പിടിച്ചെടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതി വിഷ്ണുദത്ത് നൂറ് കിലോ കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് വിശാഖപട്ടണത്തെ ജയിലിൽ ഏഴ് മാസം തടവിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇന്നലെ വീണ്ടും പിടിയിലായത്. രണ്ടാം പ്രതി അനീഷ് ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമാണ്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രതികൾക്ക് കഞ്ചാവ് എവിടെ നിന്ന് ലഭിച്ചുവെന്നും അന്വേഷിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ്, എക്സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ്, മുകേഷ്, ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജോൺ, ഷെറിൻ, ശ്രീനാഥ്, അനീഷ്, ജൂലിയൻ, അജിത്ത്, ശ്രീവാസ്, അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.