മഹാഗുരു നടത്തിയത് ഭാഷാവിപ്ലവം: സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ

Wednesday 19 June 2024 1:16 AM IST

കരുനാഗപ്പള്ളി: ഭാഷയും സംസ്കാരവും ഏറെ ചർച്ച ചെയ്യപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ചട്ടമ്പിസ്വാമികളുടെ ആദിഭാഷാ വിപ്ലവം പഠനവിധേയമാക്കണമെന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ പറഞ്ഞു. ആദിഭാഷാ വിപ്ലവം എന്ന വിഷയത്തിൽ പന്മന ആശ്രമത്തിൽ നടന്ന പ്രതിമാസ സത്സംഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊളോണിയൽ ഭാഷയുടെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ പ്രാദേശികഭാഷകൾ അമർന്നപ്പോൾ അതിന് പ്രതിരോധം ഒരുക്കുകയാണ് ചട്ടമ്പിസ്വാമികൾ ചെയ്തത്. നൂറുവർഷം മുമ്പ് എഴുതപ്പെട്ട ആദിഭാഷ എന്ന കൃതിയിലെ ആശയങ്ങൾ പണ്ഡിതന്മാരിലൂടെയും കുടുംബ സദസുകളിലൂടെയും പ്രചരിച്ചിരുന്നു. ദ്രാവിഡ സംസ്കാരത്തിന്റെ അതിജീവന ശക്തിയും ഭാഷാശേഷിയും വ്യക്തമായി ആവിഷ്കരിക്കാൻ ആദിഭാഷാ വിപ്ലവത്തിലൂടെ സ്വാമികൾക്ക് കഴിഞ്ഞു. സ്വാമി നിത്യ സ്വരൂപാനന്ദ, ജി.ബാലചന്ദ്രൻ, വി.ആർ.സിനി എന്നിവർ സംസാരിച്ചു. അരുൺ രാജ്, സുകുമാരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisement
Advertisement