കേരളകൗമുദി ഹെൽത്ത് കെയർ കോൺക്ലേവ് 25ന്

Wednesday 19 June 2024 1:17 AM IST

കൊല്ലം: കേരളകൗമുദിയും കൊല്ലം എസ്.എൻ കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസും (ഐ.ക്യു.എ.സി) ചേർന്ന് സംഘടിപ്പിക്കുന്ന ക്രോണിക് ഹെൽത്ത് 2024, ഹെൽത്ത് കെയർ കോൺക്ലേവ് 25ന് ഉച്ചയ്ക്ക് 1ന് കൊല്ലം എസ്.എൻ കോളേജ് കോൺഫറൻസ് ഹാളിൽ നടക്കും.

ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ, വെല്ലുവിളികൾ, മുന്നേറ്റങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും മുൻനിര ആരോഗ്യസംരക്ഷണ വിദഗ്ദ്ധർ, നയരൂപകർത്താക്കൾ, ഗവേഷകർ, നവീനർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും കോൺക്ലേവ് ലക്ഷ്യമിടുന്നു.

വർദ്ധിച്ചുവരുന്ന പകർച്ച വ്യാധികൾ, ജീവിത ശൈലി രോഗങ്ങൾ, തൈറോയ്‌ഡ്, ബ്രെസ്റ്റ് രോഗങ്ങൾ, ഇൻവിസലൈൻ, പ്ലാസ്റ്റിക് സർജറി, ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി, സ്ത്രീ ശാക്തീകരണത്തിൽ മെഡിക്കൽ ഹെൽത്തിന്റെ പങ്ക്, ചെറുപ്പക്കാരിലെ സൗന്ദര്യ വർദ്ധക പ്രശ്നങ്ങൾ
തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. സംശയങ്ങൾക്ക് പ്രഗത്ഭരായ ഡോക്ടർമാർ മറുപടി നൽകും.

എൻ.കെ.പ്രേമചന്ദ്രൻ എം.പി ഹെൽത്ത് കെയർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ട്രഷററും ശ്രീനാരായണ മെഡിക്കൽ മിഷൻ സെക്രട്ടറിയുമായ ഡോ. ജി.ജയദേവൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും.

കൊല്ലം ഡി.എം.ഒ ഡോ. എം.എസ്.അനു ആമുഖ പ്രഭാഷണവും ജില്ലാ സർവൈലൻസ് ഓഫീസർമാരായ ഡോ. വീണ സരോജി, ഡോ. ശരത്ത് രാജൻ എന്നിവർ ക്ലാസുകളും നയിക്കും. എസ്.എൻ കോളേജ് ഐ.ക്യു.എ.സി കോ ഓഡിനേറ്ററായ ഡോ. എസ്.ജിഷ സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറയും.

Advertisement
Advertisement