രാഹുലിനു പകരം പ്രിയങ്ക,​ യു.ഡി.എഫിൽ ആവേശം

Wednesday 19 June 2024 2:49 AM IST

കൽപ്പറ്റ: രാഹുൽ ഗാന്ധി ഒഴിഞ്ഞ് വയനാട്ടിൽ പ്രിയങ്കഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ. പ്രഖ്യാപനം വന്ന രാത്രി തന്നെ വിവിധയിടങ്ങളിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. രാഹുലിന്റെ പ്രചാരണത്തിനായി ഒന്നിൽ കൂടുതൽ തവണ വയനാട്ടിലെത്തിയ പ്രിയങ്ക മണ്ഡലത്തിലെ വോട്ടർമാരുടെ പ്രിയങ്കരിയായിരുന്നു.

പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ നാല് ലക്ഷത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പാക്കുമെന്ന് കോൺഗ്രസ്‌ നേതാക്കൾ പറയുന്നു. തിരഞ്ഞെടുപ്പിന് വിപുലമായ കമ്മിറ്റി രൂപീകരിച്ച് അടിമുടി ചലിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റിനോ പ്രതിപക്ഷ നേതാവിനോ ആകും വയനാടിന്റെ ചുമതല. മുസ്ലിം ലീഗിന്റെ ഉന്നത നേതാവും പ്രധാന ചുമതലക്കാരനായിരിക്കും. തിരഞ്ഞെടുപ്പിന് മുന്നെ വയനാട് ഡി.സി.സി പുനഃസംഘടിപ്പിക്കാനും സാദ്ധ്യതയുണ്ട്.

പ്രഖ്യാപനം വന്നയുടൻ സ്വാഗതം ചെയ്ത് ലീഗ്‌ നേതാക്കൾ വാർത്താ സമ്മേളനം നടത്തിയത് കോൺഗ്രസിന് ആശ്വാസമായി. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. പ്രവർത്തകരുടെ അലംഭാവമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുതിയ വോട്ട്‌ ചേർക്കുന്നതിലും വോട്ട് ചെയ്യിപ്പിക്കുന്നതിലും പലയിടങ്ങളിലും വീഴ്ചയുണ്ടായി.

പ്രിയങ്ക മത്സരിക്കുമ്പോൾ വനിതാ വോട്ടർമാരുടെ പിന്തുണ ലഭിക്കുമെന്നാണ്‌ കണക്കുകൂട്ടൽ. മുതിർന്ന വോട്ടർമാർ പ്രിയങ്കയെ ഇന്ദിരയുടെ നേർപതിപ്പായ ചെറുമകൾ എന്ന നിലയിലാണ് കാണുന്നത്. പ്രിയങ്ക എത്തുന്നതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടും ചേലക്കരയിലും എളുപ്പത്തിൽ ജയിക്കാമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലൂടെ പ്രചാരണത്തിൽ മേൽക്കൈ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തയാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും.

Advertisement
Advertisement