ഇന്ദിരയുടെ വ്യക്തി പ്രഭാവം

Wednesday 19 June 2024 3:49 AM IST

മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ വ്യക്തി പ്രഭാവം അതേ പടി പകർന്നുകിട്ടിയിട്ടുണ്ട് പ്രിയങ്കയ്ക്ക്. രൂപത്തിൽ മാത്രമല്ല, ജനങ്ങളുമായും അനുയായികളുമായുള്ള പ്രിയങ്കയുടെ ഇടപെടലുകളിലും മറഞ്ഞിരിക്കുന്ന ഇന്ദിരയെ കാണാം. എതിർ പാർട്ടിയുടെ അനുയായികളെ പോലും ആശ്ചര്യപ്പെടുത്തുന്ന ലാളിത്യത്തിന്റെ ഉടമ. ചിരി മായാത്ത മുഖവുമായാണ് പ്രിയങ്ക റോഡ് ഷോകളിൽ പങ്കെടുക്കുക. ഉത്തരേന്ത്യയിൽ പ്രിയങ്കയെ കാണാൻ മാത്രം സ്ത്രീകൾ റോഡിനിരുവശവും തടിച്ചുകൂടുന്നത് പതിവ് കാഴ്ചയാണ്.

ആദ്യമായാണ് പ്രിയങ്ക മത്സരത്തിനൊരുങ്ങുന്നത്. പാർട്ടി പ്രവർത്തകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പ്രിയങ്ക ജയിച്ചാൽ ഗാന്ധി കുടുംബത്തിലെ മൂന്ന് പേർ ഒരുമിച്ച് പാർലമെന്റിലെത്തുന്ന അപൂർവത സ്വന്തമാകും. 1990കളുടെ അവസാനം മുതൽ അമ്മ സോണിയയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ പ്രിയങ്ക സജീവമാണ്. 2004ൽ സഹോദരൻ രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിപ്പോഴും പിന്തുണയുമായി ഓടിനടക്കാൻ പ്രിയങ്കയുണ്ടായിരുന്നു.

2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് കിഴക്കൻ ഉത്തർപ്രദേശിലെ പ്രചാരണ ചുമതല ഏറ്റെടുത്താണ് പ്രിയങ്ക ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രിയങ്ക കഠിനമായി പരിശ്രമിച്ചിട്ടും ബി.ജെ.പി കോട്ട തകർക്കാനായില്ല. എന്നിട്ടും പ്രിയങ്കയുടെ പ്രവർത്തനങ്ങളെ പാർട്ടിയിലെ ഒരാൾ പോലും കുറ്റപ്പെടുത്തിയില്ല. 2019ലും ഇത്തവണയും പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിരാളിയായേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 2019ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായതു മുതൽ 52കാരിയായ പ്രിയങ്ക വിവിധ സംസ്ഥാനങ്ങളലെ പ്രചാരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഇത്തവണ ഉത്തർപ്രദേശിലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ മികച്ച മുന്നേറ്റമുണ്ടാക്കിയതിന് പിന്നിലും പ്രിയങ്കയുടെ കഠിന പരിശ്രമമുണ്ട്.

 രാജീവിന്റെ മകൾ, ഇന്ദിരയുടെ ചെറുമകൾ

പ്രിയങ്കയ്ക്ക് 19 വയസുള്ളപ്പോഴാണ് പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധി വെടിയേറ്റ് വീണപ്പോൾ പ്രിയങ്കയ്‌ക്ക് 12 വയസ്. സോണിയ ഗാന്ധിയെ തളരാതെ മുന്നോട്ട് നയിക്കാൻ ഇരുവശത്തുമായി മക്കളായ പ്രിയങ്കയും രാഹുലുമുണ്ടായിരുന്നു. രാജീവിന്റെ ഘാതകർക്ക് മാപ്പു നൽകാനുള്ള വിശാല മനസും പ്രിയങ്ക പ്രകടിപ്പിച്ചു. ഗാന്ധി കുടുംബം പാർട്ടിയെ കുടുംബ സ്വത്തായി കാണുന്നുവെന്നതടക്കമുള്ള എതിരാളികളുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയാണ് പ്രിയങ്ക പറയാറുള്ളത്. ഗാന്ധി കുടംബത്തിന്റെ ചരിത്രം ഇന്ത്യൻ ജനതയ്ക്ക് അറിയാം. തന്റെ കുടുംബത്തിന്റെ ത്യാഗം രാജ്യത്തിന് വേണ്ടിയായിരുന്നെന്നും അതിൽ അഭിമാനിക്കുന്നതായും പ്രിയങ്ക പറയുന്നു. മുത്തശ്ശി രാജ്യത്തിന് വേണ്ടി ഏറ്റുവാങ്ങിയത് 33 ബുള്ളറ്റുകളാണെന്നും പിതാവ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചയാളാണെന്നും പ്രിയങ്ക ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

 ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം

1972 ജനുവരി 12നാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും രണ്ടു മക്കളിൽ ഇളയവളായ പ്രിയങ്കയുടെ ജനനം. ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിലും കോൺവെന്റ് ഒഫ് ജീസസ് ആൻഡ് മേരിയിലുമായി പഠനം. ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നേടി. 1997ൽ ന്യൂഡൽഹിയിലെ പ്രമുഖ ബിസിനസുകാരൻ റോബർട്ട് വദ്രയെ വിവാഹം കഴിച്ചു. റയ്‌ഹാൻ, മിറായ എന്നിവരാണ് മക്കൾ.

Advertisement
Advertisement