കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ രോഗബാധ; വെള്ളത്തിന്റെ പരിശോധനാ ഫലം വൈകും, അഞ്ച് പേർ ചികിത്സയിൽ

Wednesday 19 June 2024 7:24 AM IST

കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന 441 ഓളം പേർക്ക് വയറിളക്കവും ഛർദ്ദിയും ഉൾപ്പടെയുളള ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങൾ ഉളളവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഫ്ലാറ്റിൽ എത്തുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചു.

ഫ്ലാറ്റിലെത്തുന്ന വെള്ളത്തിന്റെ പരിശോധനാ ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അസുഖ ബാധിതരായി ഫ്ലാറ്റിൽ താമസിച്ചിരുന്ന അഞ്ച് പേർ കൊച്ചിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗ പകർച്ചയും വ്യാപനവും തടയാനായി ഫിൽറ്റർ ചെയ്ത വെള്ളമായാലും തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

വെള്ളത്തിന്റെ സാമ്പിൾ പരിശോധനാ ഫലം വൈകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ എത്തിച്ചത്. പരിശോധന നടത്താൻ 48 മുതൽ 72 മണിക്കൂർ സമയം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ ഫ്ലാറ്റിൽ 441 പേർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടത്.

ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴൽക്കിണർ, കിണർ, ടാങ്കർ എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിക്കുന്നത്. മേയ് മാസം അവസാനത്തോടെയാണ് രോഗലക്ഷണങ്ങൾ തുടങ്ങിയത്. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ഇന്നലെ വിളിച്ച് പരാതി പറഞ്ഞശേഷമാണ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തിയതെന്ന് താമസക്കാർ പറയുന്നു.

ഫ്ലാറ്റിലുള്ളവർ കഴി‌ഞ്ഞ ദിവസമാണ് വിളിച്ച് പ്രശ്‌നം പറയുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു. ഉടൻ തന്നെ ഡിഎച്ച്‌എസിനെ വിളിച്ച് വിവരം പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത്. ആരോഗ്യവകുപ്പിൽ ഈ വിവരം ഉണ്ടായിരുന്നില്ല. സീനിയർ ഡോക്‌ടർമാർ ഫ്ലാറ്റുകളിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. താമസക്കാരുമായി ആശയവിനിമയം നടത്തി. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാത്തതിനാൽ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നുണ്ട്. വിഷയത്തെ ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. 340പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Advertisement
Advertisement