കുവൈറ്റ് അപകടം; തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 12.5 ലക്ഷം വീതം ധനസഹായം നൽകും

Wednesday 19 June 2024 8:42 AM IST

കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുളള ലേബർ ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് കുവൈറ്റ് സർക്കാർ. ഇക്കാര്യം അറബ് മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. 24 പേർ മലയാളികളാണ്. ഈ മാസം 12ന് പുലർച്ചെ നാലിനാണ് ദാരുണ സംഭവമുണ്ടായത്.

എംബസി വഴിയാകും തുക കൈമാറുക. മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തിൽ 176 പേർ ഉണ്ടായിരുന്നു. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട്ട് സർക്കീറ്റാണ് അപകട കാരണം.

സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുവൈറ്റ് സർക്കാരിന് പുറമേ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ഉൾപ്പെടെയുള്ളവർ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

യഥാർത്ഥ ദുരന്തമെന്നാണ് അന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാനും കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദ്ദേശം നൽകിയതായും ഷെയ്ഖ് ഫഹദ് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ ആറ് പേർ പിന്നീട് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

Advertisement
Advertisement