പ്രവാസികൾക്ക് ഭാവിയിൽ നേട്ടമാകും? യൂറോപ്പിലുള്ളവരുടെയും ലക്ഷ്യസ്ഥാനം യുഎഇ, ശതകോടീശ്വരന്മാർ ഒഴുകുന്നു

Wednesday 19 June 2024 10:30 AM IST

അബുദാബി: ലോകത്ത് ഏറ്റവുമധികം സമ്പന്നർ സ്ഥിരതാമസമാക്കുന്ന നഗരമായി യുഎഇ മാറുമെന്ന് റിപ്പോർട്ട്. മറ്റ് രാജ്യങ്ങളെയെല്ലാം പിന്തള്ളി ശതകോടീശ്വരന്മാരെ ഏറ്റവുമധികം ആകർഷിക്കുന്നത് യുഎഇയാണെന്നാണ് ഇന്നലെ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024 ൽ പറഞ്ഞിരിക്കുന്നത്.

യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സമ്പന്നരുടെ ഒഴുക്ക് കാരണം തുടർച്ചയായി മൂന്നാം തവണയും യുഎഇ സമ്പന്നരെ ആകർഷിക്കുന്നതിൽ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വർദ്ധിച്ചതും ബ്രിട്ടീഷുകാരുടെയും യൂറോപ്യന്മാരുടെയും വരവ് വൻതോതിൽ കൂടിയതും യുഎഇക്ക് അനുകൂലമായി. ഇതിലൂടെ നിലവിൽ ഒന്നാം സ്ഥാനത്തുള്ള യുഎസിനെക്കാൾ ഇരട്ടിയോളം കോടീശ്വരന്മാർ (6,700) 2024ൽ യുഎഇയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

സീറോ ഇൻകം ടാക്‌സ്, ഗോൾഡൻ വിസ, ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ, എമിറേറ്റ്സ്‌, ഫ്ലൈ ദുബായ് പോലുള്ള പ്രാദേശിക വാഹകരുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുക തുടങ്ങിയ കാരണങ്ങളാണ് യൂറോപ്യൻ പൗരന്മാരെ യുഎഇയിലേക്ക് ആകർഷിക്കുന്നത്.

ആഗോളതലത്തിൽ 14-ാം സ്ഥാനത്തുള്ള യുഎഇയിൽ 116,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 മഹാകോടീശ്വരന്മാരുമുണ്ട്. ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കാൻ കഴിവുള്ള വ്യക്തികളെയാണ് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

'യുഎഇയുടെ സ്വത്ത് പരിപാലന വ്യവസ്ഥയുടെ പരിണാമത്തിലും വികാസത്തിലും ഐതിഹാസികമായ മാറ്റമാണ് സംവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സമ്പന്നരുടെ സ്വത്ത് സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി നിരവധി ശക്തമായ നിയന്ത്രണങ്ങളാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്', ഹൗറാനിയിലെ വ്യവസായിയായ സുനിത സിംഗ് ദലാൽ പറഞ്ഞു.

കൂടാതെ, ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടാകുന്ന ശക്തമായ നേട്ടം കാരണം ബ്രിട്ടീഷ്, യൂറോപ്യൻ നിക്ഷേപകരെ ധാരാളമായി ആകർഷിക്കാൻ സാധിച്ചു. മറ്റ് രാജ്യങ്ങളിലുള്ള ഉയർന്ന നികുതി കാരണം പല കോടീശ്വരൻമാരും നികുതി ഇല്ലാത്ത യുഎഇയിലേക്ക് പോകാൻ പ്രേരിതരാകുന്നു.

'2022ൽ യുക്രെയിൻ പിടിച്ചടക്കി സമ്പന്നരായ റഷ്യയിൽ നിന്നുള്ള ജനങ്ങളുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരന്മാരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ', വിയന്നയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സയൻസിന്റെ റെക്‌ടർ മിഷ ഗ്ലെന്നി പറഞ്ഞു.

മാത്രമല്ല, നിക്ഷേപകരുടെ എണ്ണം വലിയ രീതിയിൽ വർദ്ധിക്കുന്നതോടെ യുഎഇയിൽ വൻ തൊഴിലവസരങ്ങളാകും ഉണ്ടാകാൻ പോകുന്നത്. നിലവിൽ രാജ്യത്തുള്ള പ്രവാസികൾക്കും ഇത് വളരെയേറെ ഗുണം ചെയ്യും.

Advertisement
Advertisement