പ്രവാസികളുടെ ഗൾഫ് സ്വപ്‌നങ്ങൾക്ക് തിരിച്ചടി; നിങ്ങളുടെ പ്രിയപ്പെട്ട നഗരത്തിൽ പ്രതീക്ഷിച്ചത് പോലയല്ല കാര്യങ്ങൾ

Wednesday 19 June 2024 11:39 AM IST

അബുദാബി: തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നത് നമ്മുടെ നാട്ടിൽ കാലാകാലങ്ങളായി നിലനിന്നുവരുന്ന ഒന്നാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ദാരിദ്ര്യമില്ലാത്ത ജീവിതത്തിനുമാണ് പലരും വിദേശത്തേയ്ക്ക് ചേക്കേറുന്നത്. എന്നാൽ വിദേശത്തെ ജീവിതച്ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണെങ്കിലോ? ഇത്തരമൊരു സാഹചര്യമാണ് നിലവിൽ ദുബായിൽ പ്രവാസികൾ നേരിടുന്നത്.

വിദേശ തൊഴിലാളികൾക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ 15ാമത്തെ നഗരമായി ദുബായ് ഉയർന്നുവെന്ന കണക്കുകൾ പുറത്തുവരികയാണ്. മെർസർ പുറത്തുവിട്ട പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീടിനും സ്ഥലത്തിനും കെട്ടിടങ്ങൾക്കുമെല്ലാം വാടക ഉയർന്നതാണ് ജീവിതച്ചെലവ് വർദ്ധിക്കാനുള്ള പ്രധാന കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് വ്യാപനത്തിനുശേഷമാണ് വാടകനിരക്കുകൾ വർദ്ധിച്ചതെന്നും സർവേയിൽ പറയുന്നു.

2023ൽ നിന്ന് 2024ലേയ്ക്ക് എത്തുമ്പോൾ വാടകനിരക്കിൽ 21 ശതമാനം വർദ്ധനവാണ് ദുബായിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് കിടപ്പുമുറികുള്ള കെട്ടിടങ്ങളുടെ വാടക 15 ശതമാനം ഉയർന്നു. മറ്റ് പ്രധാന നഗരങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇത് പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും പാടുമെടുമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിനുശേഷം ദുബായിൽ വിദേശികളുടെ വരവിലുണ്ടായ വർദ്ധനവും വാടകനിരക്ക് ഉയരുന്നതിന് കാരണമായെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ അസ്‌റ്റെകോ പറയുന്നു. ദുബായിലെ പ്രധാന മേഖലകളായ ജുമൈറ ഐലൻഡ്‌സ്, പാം ജുമൈറ, ദുബായ് സ്‌പോർട്‌സ് സിറ്റി, ദുബായ് ഹിൽസ് എസ്റ്റേറ്റ് തുടങ്ങിയിടങ്ങളിൽ 100 ശതമാനം വർദ്ധനവാണ് വിദേശികളുടെ വരവിൽ ഉണ്ടായിരിക്കുന്നതെന്ന് കൺസൾട്ടൻസി വ്യക്തമാക്കുന്നു. പലചരക്ക് സാധനങ്ങളുടെയും വ്യക്തിഗത പരിചരണ വസ്തുക്കളുടെയും വിലവർദ്ധനവാണ് ദുബായിലെ ജീവിതച്ചെലവ് വർദ്ധിക്കാൻ കാരണമായ മറ്റ് ഘടകങ്ങളെന്നും വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Advertisement
Advertisement