അവധിക്കാലം എങ്ങനെ ചെലവഴിച്ചു എന്ന് അദ്ധ്യാപകൻ; എൽസ നോട്ടുപുസ്തകം നീട്ടി, 'ഞാനും എന്റെ കുഞ്ഞു ലോകവും' പിറന്നു

Wednesday 19 June 2024 2:17 PM IST

കഥ പറയാനും പാട്ടുപാടാനും ഡാൻസ് ചെയ്യാനും അഭിനയിക്കാനുമൊക്കെ കഴിവുകളുള്ള നിരവധി കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ചില കുട്ടികളുടെ കഴിവ് കണ്ട് മുതിർന്നവർ അത്ഭുതപ്പെടാറുമുണ്ട്. ഇപ്പോഴിതാ അവധിക്കാല ഓർമകൾ ഒപ്പിയെടുത്ത് കഥകളാക്കിയ ഒരു ഏഴാം ക്ലാസുകാരിയുടെ പുസ്തകം ഇന്ന്‌ വായനാദിനത്തിൽ പ്രകാശനം ചെയ്യുകയാണ്.

വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറന്നപ്പോൾ കുട്ടികളോട് അവധിക്കാലം എങ്ങനെ ചെലവഴിച്ചു എന്ന് ചെലവൂർ ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ മലയാള അദ്ധ്യാപകനായ ഉണ്ണികൃഷ്ണൻ മാഷ് ചോദിച്ചപ്പോൾ കുഞ്ഞു എൽസ എഴുന്നേറ്റു നിന്നു. ഒരു നോട്ടു പുസ്തകമെടുത്ത് അദ്ധ്യാപകനു നേരെ നീട്ടി. അവളെഴുതിയ പത്തോളം കഥകളായിരുന്നു.

വായിച്ചു നോക്കിയിട്ട് പറയാമെന്ന് മറുപടി പറഞ്ഞു. എൽസയുടെ രക്ഷിതാക്കളോട് സംസാരിച്ചതോടെ 'ഞാനും എന്റെ കുഞ്ഞു ലോകവും' കഥാസമാഹാരം പിറക്കുകയായിരുന്നു. ഇന്ന് രാവിലെ ചെലവൂർ ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാ. ദിലീപ് പി.ജെയിംസ് യുവ എഴുത്തുകാരൻ അജിജേഷ് പച്ചാട്ടിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യും.

താൻ കണ്ട ആളുകൾ , ചുറ്റുപാട് അങ്ങനെ തന്റെ കുഞ്ഞു ലോകത്തെ കൗതുകങ്ങളിൽ അച്ചടിമഷി പുരളുന്ന സന്തോഷത്തിലാണ് എൽസ. പ്രമീഷ് വി.സ് , ജിഷ തോമസ് ദമ്പതികളുടെ മകളാണ്. ചെലവൂർ പള്ളിത്താഴം റോഡിൽ സി-ലോട്ട് വില്ലാസിലാണ് താമസം.