അമിത അളവിൽ അനസ്‌തേഷ്യ നൽകിയതാണ് മരണകാരണം, മലപ്പുറത്ത് നാല് വയസുകാരന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Wednesday 19 June 2024 2:35 PM IST

മലപ്പുറം: കൊണ്ടോട്ടിയിൽ നാല് വയസുകാരൻ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്‌തേഷ്യ നൽകിയ അളവ് വർദ്ധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അരിമ്പ്ര കൊടക്കാടൻ നിസാറിന്റെ മകൻ മുഹമ്മദ് ഷാസിൽ ആണ് ഈ മാസം ഒന്നിന് വൈകിട്ട് ആറ് മണിക്ക് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.

കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പ് തട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് തുന്നുന്നതിനായി കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതോടെ സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയും ചെയ്‌തു. കുട്ടിയുടെ മരണത്തിന് കാരണം അനസ്‌തേഷ്യ നൽകിയതിലെ പിഴവാണെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു.

അത് ശരിവയ്‌ക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടി മരിച്ചത് അണ്ണാക്കിൽ കമ്പ് കുത്തിയുണ്ടായ മുറിവ് കാരണമല്ലെന്നും നാല് വയസുള്ള കുട്ടിക്ക് നൽകേണ്ട അളവിലല്ല അനസ്‌തേഷ്യ നൽകിയതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

ശസ്‌ത്രക്രിയയ്‌ക്കിടെ ഭാര്യ മരിച്ചു, പ്ലാസ്റ്റിക് സർജൻ അറസ്റ്റിൽ

ശസ്ത്രക്രിയയ്ക്കിടെ ഭാര്യ മരിച്ച സംഭവത്തിൽ പ്ലാസ്റ്റിക് സർജനായ 41കാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. യുഎസിലെ ഫ്ലോറിഡയിൽ റീസ്റ്റോർ പ്ലാസ്റ്റിക് സർജറി എന്ന ക്ലിനിക് നടത്തുന്ന ബെഞ്ചമിൻ ബ്രൗൺ ആണ് പിടിലായത്. കഴിഞ്ഞ നവംബറിൽ ശസ്ത്രക്രിയയ്ക്കിടെ ഹൃദയ സ്തംഭനത്തെ തുടർന്നാണ് ഇയാളുടെ ഭാര്യ ഹിലരി മരിച്ചത്. വെള്ളിയാഴ്ച അറസ്റ്റ് വാറന്റ് ലഭിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഇയാൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Advertisement
Advertisement