'അപ്പൊ ഗയ്‌സ് ഇന്നത്തെ പരിപാടി ഏലിയനെ ഓടിച്ചിട്ട് പൊരിച്ചത്,' കോടികൾ മുടക്കി ചന്ദ്രനിൽ സ്ഥലം വാങ്ങി ഫിറോസ് ചുട്ടിപ്പാറ

Wednesday 19 June 2024 3:11 PM IST

യൂട്യൂബിൽ വ്യത്യസ്തമായ പാചക വീഡിയോയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. എട്ട് മില്യൺ സബ്സ്ക്രൈബർസാണ് നിലവിൽ അദ്ദേഹത്തിന് ഉള്ളത്. പാമ്പ് ഗ്രിൽ, ഒട്ടകം ഗ്രിൽ, പട്ടി കറി എന്നിങ്ങനെ നീളുന്നു ഫിറോസിന്റെ പാചകപരീക്ഷണങ്ങൾ. മലയാളത്തിലാണ് വീഡിയോകൾ കൂടുതലായി ചെയ്യുന്നതെങ്കിലും വിദേശത്ത് വരെ അദ്ദേഹത്തിന് ആരാധകരുണ്ട്.

ഇപ്പോഴിതാ ചന്ദ്രനിൽ സ്ഥലം വാങ്ങി കാര്യം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ഫിറോസ്. ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം വാങ്ങിയെന്നും അതിന്റെ മറ്റ് രേഖകളും തന്റെ പുതിയ വീഡിയോയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നു. നിരവധി സർട്ടിഫിക്കറ്റുകളും സ്ഥലത്തിന്റെ ചിത്രവും ഇതിനോടൊപ്പമുണ്ട്.

ബഹിരാകാശത്തുള്ള ചന്ദ്രനിൽ സ്ഥലം വാങ്ങാൻ കഴിയില്ലെങ്കിലും ചില വെബ്സെെറ്റുകളിൽ ഇപ്പോൾ ചന്ദ്രനിലെ സ്ഥലം വിൽക്കുകയും അവ വാങ്ങാൻ തയ്യാറുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു വെബ്സെെറ്റിൽ നിന്നാണ് ഫിറോസും സ്ഥലം വാങ്ങിയത്. ഇനി ഞങ്ങളുടെ ഫുഡ് കഴിക്കാൻ ചന്ദ്രനിൽ വരണമെന്നും അദ്ദേഹം വീഡിയോയിൽ തമാശ രൂപത്തിൽ പറയുന്നുണ്ട്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. 'കോടികൾ മുടക്കി ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം വാങ്ങി' എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'അപ്പൊ ഗയ്‌സ് നമ്മുടെ ഇന്നത്തെ പരിപാടി ഏലിയനെ ഓടിച്ചിട്ട് പൊരിച്ചത്',​ 'അപ്പോൾ ഇനിയുള്ള പരിപാടികൾ ചന്ദ്രനിൽ', 'ഇന്നത്തെ പരിപാടി ഏലിയന്റെ മുട്ട പൊരിച്ചത്',​ 'ഫിറോസ്ക വെൽക്കം ടു ചന്ദ്രൻ',​ 'അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി ഏലിയൻ മന്തി',​ 'ഒരു അന്യഗ്രഹ ജീവിയെ കിട്ടീട്ടുണ്ട്. നല്ല ഗരം മസാലയും കുരുമുളകും ഇട്ട് ഗ്രിൽ ആക്കിയാലോ രതീഷേ' 'ഉൽക്ക ബിരിയാണി ഉൽക്ക ഫ്രൈ' എന്നിങ്ങനെ പോകുന്നു കമന്റുകൾ. ​

Advertisement
Advertisement