വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പെൺകുട്ടികൾക്ക് തിരിച്ചുവരാൻ താൽപര്യമില്ല

Wednesday 19 June 2024 4:11 PM IST

വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പെൺകുട്ടികൾക്ക് തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് സാമൂഹിക നിരീക്ഷകൻ കൂടിയായ മുരളി തുമ്മാരുകുടി. അതിന് പിന്നിലുള്ള വ്യക്തമായ കാരണവും തുമ്മാരുകുടി വിശദീകരിക്കുന്നു. കേരളത്തിലെ നിലവിലെ സാമൂഹിക അവസ്ഥ തന്നെയാണ് പെൺകുട്ടികളെ നാട്ടിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കാത്തതെന്ന് അദ്ദേഹം പറയുന്നു.

തുമ്മാരുകുടിയുടെ വാക്കുകൾ-

''കാലുകൊണ്ട് വോട്ട് ചെയ്യുന്ന പെൺകുട്ടികൾ കേരളത്തോട് പറയുന്നത് ?

2015 ൽ കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ കാബിനറ്റിൽ സ്ത്രീകളും പുരുഷന്മാരും തുല്യ സംഖ്യ ആയിരുന്നു. ഇതിനെ പറ്റി ചോദിച്ച പത്രപ്രവർത്തകരോട് അദ്ദേഹം പറഞ്ഞ ഉത്തരം ക്ലാസിക് ആണ്. "Because it is 2015" (രണ്ടായിരത്തി പതിനഞ്ച് ആയതുകൊണ്ട് !). അത്രേ ഉള്ളൂ കാര്യം, കാലം മാറി.

2024 ൽ കേരളത്തിലെ ഇരുപത് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നും ഒറ്റ സ്ത്രീയും പാർലമെന്റിൽ എത്താതിരുന്നതിനെക്കുറിച്ച് ആരെങ്കിലും നമ്മുടെ നേതാക്കളോട് ചോദിച്ചോ എന്നറിയില്ല. ചോദിച്ചാൽ അവർ എന്ത് പറയും? "2024 ആയത് ഞങ്ങൾ അറിഞ്ഞില്ല" എന്നാകുമോ? കാലം മാറിയത് ഒരുപക്ഷെ അവർ അറിയുന്നുണ്ടാകില്ല.

എന്നാൽ കേരളത്തിലെ പെൺകുട്ടികൾ അത് തീർച്ചയായും അറിയുന്നുണ്ട്. ലോക കേരള സഭയിൽ പ്രസിദ്ധീകരിച്ച ‘കേരള മൈഗ്രെഷൻ സർവ്വേ 2023’ ഇപ്പോൾ എല്ലാ മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടേയും കൈയിൽ കിട്ടിക്കാണും. അവർ അത് ഒന്ന് വായിച്ചു നോക്കണം. 2014 ൽ മൊത്തം 24 ലക്ഷം പ്രവാസികളാണ് കേരളത്തിൽ നിന്നും ഉണ്ടായിരുന്നത്. 2018 ൽ അത് 11 ശതമാനം കുറഞ്ഞു. 2023 ൽ അത് വീണ്ടും ഒന്നര ശതമാനം ഉയർന്ന് 2018 ലേതിനേക്കാൾ കൂടുതൽ മലയാളി പ്രവാസികൾ ഇപ്പോഴുണ്ട്. കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം 2018 ലേതിനേക്കാൾ ഇരട്ടിയായതാണ് ഇതിന് പ്രധാന കാരണം. മൊത്തം പ്രവാസികളിൽ സ്ത്രീകളുടെ എണ്ണം 20 ശതമാനത്തിൽ താഴെയാണെങ്കിൽ വിദ്യാർത്ഥികളുടെ കുടിയേറ്റത്തിൽ അത് 45 ശതമാനമാണ്. കുടിയേറുന്ന മലയാളി ആണുങ്ങളിൽ 34 ശതമാനം ബിരുദധാരികളുണ്ടെങ്കിൽ സ്ത്രീകളിൽ അത് 71 ശതമാനമാണ്.

ഒരു കാര്യം കൂടി ശ്രദ്ധിക്കണം. കുടിയേറ്റത്തിന് ശേഷം തിരിച്ചു വന്നവരിൽ 88.5 ശതമാനം പേരും പുരുഷന്മാരാണ്. വെറും 11.5 ശതമാനമാണ് സ്ത്രീകൾ. പെൺകുട്ടികളുടെ ചോയ്‌സ് വ്യക്തമാണ്. വിദ്യാഭ്യാസം ലഭിക്കാൻ അവസരമുള്ള പെൺകുട്ടികൾ കേരളത്തിൽ നിന്നും പുറത്തേക്ക് പോവുകയാണ്. തിരിച്ചു നാട്ടിലേക്ക് വരാൻ അവർക്ക് താല്പര്യമില്ല. ഇതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.

എന്തിലേക്കാണ് അവർ തിരിച്ചു വരേണ്ടത്? 51 ശതമാനം സ്ത്രീകൾ ഉണ്ടായിട്ടും ഒരു സ്ത്രീ പാർലമെന്റ് അംഗം പോലുമില്ലാത്ത കേരളത്തിലേക്കോ? 140 അംഗങ്ങളുള്ള നിയമസഭയിൽ പത്തു ശതമാനം പോലും സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത കേരളത്തിലേക്കോ? പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകളെ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും സ്ഥിരമായി ആഭാസം പറയുന്ന കേരളത്തിലേക്കോ? സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോഴും കൊലപാതകങ്ങളും സ്ത്രീകൾക്കെതിരെ വലിയ തോതിൽ അക്രമങ്ങളും നടക്കുന്ന കേരളത്തിലേക്കോ? പ്രേമത്തിൽ നിന്നും ‘പിന്മാറി’യതിന്റെ പേരിൽ പെട്രോൾ ഒഴിച്ച് സ്ത്രീകളെ കൊലപ്പെടുത്തുന്ന കേരളത്തിലേക്കോ ?

വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ഇടവഴി മുതൽ പൊതുഗതാഗതം വരെ സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കാനും, തട്ടാനും മുട്ടാനും കയറിപ്പിടിക്കാനും അശ്ലീലം പറയാനും ഷോമാൻമാരും ഞരമ്പ് രോഗികളും പകൽമാന്യന്മാരും നിരന്നുനിൽക്കുന്ന കേരളത്തിലേക്കോ?

പകലോ രാത്രിയോ സ്ത്രീകൾ എവിടെ പോകുന്നു, എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ ഭൂതക്കണ്ണാടി വച്ച് നോക്കിയിരിക്കുന്ന (സ്ത്രീകൾ ഉൾപ്പടെയുള്ള) ബന്ധുക്കളും നാട്ടുകാരും സദാചാര പോലീസുകാരും സാദാ പോലീസുകാരുമുള്ള കേരളത്തിലേക്കോ?

ജോലി ചെയ്യുന്ന ഓഫിസുകളിലും എന്തിന്, താമസിക്കുന്ന സ്വന്തം വീടുകളിൽ നിന്നും, സഹപ്രവർത്തകരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും, അടുത്ത ബന്ധുക്കളിൽ നിന്നും ലൈംഗികമായ കടന്നു കയറ്റങ്ങൾ നടക്കുന്ന കേരളത്തിലേക്കോ? വിവാഹത്തിന് മുൻപും പിൻപും തുല്യത സ്വാഭാവികം എന്ന ചിന്തയില്ലാതെ സ്ത്രീകൾക്ക് ‘അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന’ത് പുരോഗമനമായി കാണുന്നവരുള്ള കേരളത്തിലേക്കോ?

ഇല്ല സർ, അതിനിപ്പോൾ സൗകര്യമില്ല എന്നാണ് നമ്മുടെ പെൺകുട്ടികൾ പറയുന്നത്.

കേരളത്തിൽ നിന്നും പുറത്തേക്ക് പോവുകയും തിരിച്ചു വരാതിരിക്കുകയും ചെയ്യുന്ന പെൺകുട്ടികൾ അവരുടെ കാല് കൊണ്ട് വോട്ടു ചെയ്യുകയാണ്. താല്പര്യമുള്ളവർക്ക് ശ്രദ്ധിക്കാം. അല്ല, പോകുന്നവർ പോകട്ടെ ബാക്കിയുള്ള സ്ത്രീകളെ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യാമെന്ന് സമൂഹവും നേതാക്കളും കരുതുന്നുണ്ടെങ്കിൽ തെറ്റി. പുറത്തേക്ക് പോകുന്ന ഈ പെൺകുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം നാട്ടിലുള്ളവരും കാണുന്നുണ്ട്. തൊഴിലാണ് പ്രധാനമെന്നും ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലെ മുഖ്യപങ്കും ഉത്തരവാദിത്തവും സ്ത്രീകൾക്കാണെന്നും സ്ത്രീകൾ മനസ്സിലാക്കും.

മുൻപ് പറഞ്ഞിട്ടുള്ളതാണ്. വിദ്യാഭ്യാസത്തിന് വേണ്ടി പുറത്തുപോകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരമായിരിക്കും കല്യാണം കഴിക്കുന്നത്. ഇത്തരം വിവാഹങ്ങളിലെ പങ്കാളികൾ കുറച്ചൊക്കെ മലയാളികളോ ഇന്ത്യക്കാരോ ആകും. പക്ഷെ അത് തുല്യതയുള്ള ബന്ധങ്ങൾ ആയിരിക്കും. പെൺകുട്ടികൾക്ക് ‘സ്വാതന്ത്ര്യം കൊടുക്കാൻ’ ശ്രമിച്ചാൽ പങ്കാളികൾ അവരുടെ കൂടെ അധികകാലം ഉണ്ടാകില്ല. ഇതൊക്കെ നാട്ടിലുള്ള സ്ത്രീകളേയും മാറ്റും. വിവാഹം ചെയ്യാൻ താല്പര്യമുള്ള പെൺകുട്ടികൾ കുറഞ്ഞു വരുന്നുവെന്ന് ഇപ്പോൾ തന്നെ വാർത്തകൾ ഉണ്ടല്ലോ. പഠനം കഴിഞ്ഞാൽ ഉടൻ വിവാഹമല്ല, ഒരു ജോലി സന്പാദിക്കണം, ജോലി കിട്ടിയാൽ ഉടൻ വിവാഹമല്ല കൂട്ടുകാരുമൊത്ത് അത്യാവശ്യം യാത്ര ചെയ്യണം എന്നൊക്കെ ഇപ്പോൾത്തന്നെ പെൺകുട്ടികൾ തീരുമാനിക്കുന്നുണ്ടല്ലോ. അറേഞ്ച്ഡ് മാര്യേജ് പോലുള്ള ദുരാചാരങ്ങൾ മാറാൻ ഇനി അധികം സമയം വേണ്ട. കൈകൊണ്ട് വോട്ടു ചെയ്യുന്ന സ്ത്രീകളെക്കാൾ കാലുകൊണ്ട് വോട്ട് ചെയ്യുന്ന പെൺകുട്ടികൾ കേരളത്തെ മാറ്റും.

കേരളം മാറും, മാറണം.

മുരളി തുമ്മാരുകുടി''

Advertisement
Advertisement