ഓൺലൈനായി പി എഫ് നിക്ഷേപം വളരെയെളുപ്പം പിൻവലിക്കാം, ചെയ്യേണ്ടത് ആറ് കാര്യങ്ങൾ മാത്രം
സ്ഥിരശമ്പളക്കാരായ ജോലിക്കാർക്ക് ആശ്വാസമായി എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നൽകുന്ന പദ്ധതിയാണ് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. മാസശമ്പളത്തിന്റെ നിശ്ചിത ഭാഗം ഇപിഎഫിലേക്ക് നിക്ഷേപിക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഇപിഎഫിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. ഓൺലൈൻ വഴി നിശ്ചിത തുക ഇപിഎഫിൽ നിന്നും പിൻവലിക്കുന്നത് എങ്ങനെയെന്ന് അറിയുമോ? വളരെ ലളിതമായി തന്നെ ഇക്കാര്യം ചെയ്യാവുന്നതേയുള്ളു. ഇതിന് തൊഴിലുടമയുടെ സാക്ഷ്യപത്രം ആവശ്യമില്ല. ആദ്യമായി നിങ്ങളുടെ ആധാർ കാർഡ് ഇപിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.
ഇപിഎഫ് അക്കൗണ്ടുമായി യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ആക്‌ടിവേറ്റാണോ എന്ന് നോക്കണം. ഇത് ആവശ്യമാണ്. ഇനി ഈ യുഎഎൻ ഒരു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കണം. ഇനി താഴെപറയുന്ന വഴികളിലൂടെ ഓൺലൈനായി ഇപിഎഫ് തുക പിൻവലിക്കാം.
ഇപിഎഫ് വെബ്‌സൈറ്റ് www.epfindia.gov.inൽ ആദ്യം ലോഗിൻ ചെയ്യണം. ഇനി ഓൺലൈൻ സർവീസസ് എന്ന ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യുക.
ഈ ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്ളെയിം ഫോം പൂരിപ്പിക്കണം.
ഇനി പിഎഫ് അക്കൗണ്ടിന്റെ അവസാന നാല് അക്കം നൽകി അത് കൃത്യമായി പരിശോധിക്കണം.
Proceed For Online Claim എന്ന ഭാഗത്ത് ക്ളിക്ക് ചെയ്യുക ഇവിടെ നിന്നും ഫോം 31 പൂരിപ്പിക്കണം.
പിൻവലിക്കേണ്ട തുകയെത്രയെന്ന് നൽകുക. ബാങ്ക് പാസ്‌ബുക്കിന്റെയോ ചെക്കിന്റെയോ സ്‌കാൻ ചെയ്‌ത കോപ്പിയും അപ്‌ലോഡ് ചെയ്യുക.
ഇപ്പോൾ ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈലിൽ ഒരു ഒടിപി വന്നിട്ടുണ്ടാകും. ഈ ഒടിപി നൽകുക.
ഇതോടെ നടപടി പൂർത്തിയായി. ഇനി 20 ദിവസത്തിനകം അപേക്ഷകന് സാധാരണഗതിയിൽ ക്ളെയിം പരിശോധിച്ച് പണം ലഭിക്കും.