കൊക്കോ കർഷകരുടെ നെഞ്ചി​ടി​പ്പേറ്റി​  കായ് ചീയൽ രോഗം

Thursday 20 June 2024 1:27 AM IST
കൊക്കോ

തൊടുപുഴ: ആലി​ൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന പറഞ്ഞ പോലെയാണ് കൊക്കോ കർഷകരുടെ അവസ്ഥ.

കൊക്കോ വി​ല ഉയർന്നു ഉയർന്നുതന്നെ നി​ൽക്കുമ്പോഴും കർഷകർക്ക് വേണ്ടത്ര പ്രയോജനം ലഭി​ക്കുന്നി​ല്ല. കൊക്കോ കായ്‌കൾക്ക് ചീയൽ രോഗം വ്യാപകമായി പിടിപെടുന്നതാണ് പ്രശ്നം.

റെക്കാഡി​ലേയ്ക്ക് കുതിച്ച വി​ലയി​ൽ അടുത്ത കാലത്ത് ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൊക്കോയ്ക്ക് മെച്ചപ്പെട്ട വിലയാണ്. തോരാമഴയുടെ കാലത്ത് സാധാരണ സംഭവിക്കാറുണ്ടെങ്കിലും മഴ കനക്കുംമുമ്പേ കൊക്കോ കായ്കൾ വലിയ തോതിൽ ചീഞ്ഞഴുകി നശിച്ച് പോകുന്നതാണ് കർഷകർക്ക് പ്രതിസന്ധിയായിട്ടുള്ളത്. മേയ് ആദ്യം മുതൽ ആരംഭിച്ച മഴ തോരാതെ വന്നത് കൊക്കോ കായിൽ വെള്ളത്തിന്റെ അളവ് കൂട്ടി. വെയിൽ കിട്ടുമ്പോൾ കായ വീണ്ടും പഴയപോലെ ആകുമായി​രുന്നു. എന്നാൽ ഇത്തവണ വേനൽ മഴയ്ക്ക് ശേഷമുള്ള വെയിൽ ലഭിച്ചില്ല. കർഷകർക്ക് മഴയെത്തും മുമ്പേ മരങ്ങളിൽ മരുന്നടിക്കുന്നതിനും പരിപാലനത്തിനും സാവകാശം ലഭിച്ചില്ല. ഇത് കായ്കൾ വലിയ തോതിൽ ചീയുന്നതിന് ഇടവരുത്തിയിട്ടുണ്ട്. വർഷത്തിൽ പത്തുമാസത്തോളം വിളവെടുക്കാമെങ്കിലും ഏപ്രിൽ മുതൽ ജൂലായ് വരെയാണ് കൊക്കോയുടെ പ്രധാന വിളവെടുപ്പ്.

മഴക്കാല പൂർവ പരി​ചരണം മുടങ്ങി​

വേനൽ മഴയ്ക്ക് ശേഷം സാധാരണ ലഭി​ക്കുന്ന വെയിൽ ഇത്തവണ ലഭിച്ചില്ല. പല കർഷകർക്കും മഴയ്ക്ക് മുമ്പേ കൊക്കോ മരങ്ങളിൽ മരുന്നടിക്കുന്നതിനും മറ്റു പരിപാലനത്തിനും കഴി​ഞ്ഞി​ല്ല. ഇത് കായ്കൾ വലിയ തോതിൽ ചീയുന്നതിന് ഇടവരുത്തി.

കിട്ടുന്നത് ഭേദപ്പെട്ട വില

നിലവിൽ ഉണങ്ങിയ പരിപ്പിന് ശരാശരി 580 രൂപയും പച്ച പരിപ്പിന് 150 രൂപയുമാണ് വില. ഏപ്രിൽ,​ മേയ് മാസങ്ങളിലാണ് കൊക്കോയ്ക്ക് റെക്കാഡ് വില ലഭിച്ചത്. ഉണങ്ങിയ പരിപ്പിന് ആയിരം രൂപയ്ക്ക് മുകളിലും പച്ചയ്ക്ക് 300 രൂപയ്ക്ക് മുകളിലും വില ലഭിച്ചിരുന്നു. വില ഉയർന്നപ്പോഴും വേണ്ട വിധത്തിലുള്ള ഉത്പാദനം ഇല്ലെന്ന നിരാശയിലായിരുന്നു കർഷകർ. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൊക്കോ കായ്കൾക്ക് ചീയൽ രോഗം ബാധിച്ചിട്ടുള്ളത്. മഴ കനക്കുന്നതോടെ കായ്കൾ കൂടുതലായി ചീയൽ ബാധിച്ച് ഉത്പാദനം പൂർണമായി ഇല്ലാതാകുമോയെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു.

..................................................

'ഉത്പാദനക്കുറവ് എല്ലാ തോട്ടങ്ങളെയും ബാധിച്ചിട്ടുണ്ട്. നിലവിൽ മികച്ച വിലയാണ് ലഭിക്കുന്നത്. പച്ചപരിപ്പിന് 80 രൂപ കിട്ടിയാലും ലാഭമാണ്"

മാത്യു വർഗീസ്, കർഷകൻ

Advertisement
Advertisement