വായന അനാചാരങ്ങളെ ചെറുക്കാനുള്ള ആയുധം: മുഖ്യമന്ത്രി

Thursday 20 June 2024 4:13 AM IST

തിരുവനന്തപുരം : അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ വൻതോതിൽ നടക്കുന്നത് തിരിച്ചറിയണമെന്നും അവയെ ചെറുക്കാൻ കഴിയുന്ന മൂർച്ചയേറിയ ആയുധമാണ് വായനയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ച ദേശീയ വായനാദിന മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തിനനുസരിച്ച് വായനയും പരിഷ്‌കരിക്കണം. പുസ്തകം കൊണ്ടുപോയാൽ മാത്രമേ വായന നടക്കൂവെന്ന കാലം മാറി. വായിക്കണമെന്നു തോന്നുന്ന പുസ്തകം വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ ഇന്നുണ്ട്. വായിച്ചു കേൾപ്പിക്കുന്ന സംവിധാനവുമുണ്ട്.

പൊതുജനങ്ങൾക്ക് ഒത്തുചേരാനും അവരുടെ വൈജ്ഞാനിക മണ്ഡലത്തെ വികസിപ്പിക്കാനും കഴിയുന്ന ഇടങ്ങളായി ഗ്രന്ഥാലയങ്ങൾ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിളവൂർക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി വരദ ആർ.പി എഴുതിയ ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങൾ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, പ്രൊഫ. പി.ജെ. കുര്യൻ, എം.വിജയകുമാർ, പാലോട് രവി, ടി.കെ.എ. നായർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, എസ്.സുരേഷ്, ഷമ്മി ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement