കേന്ദ്രമന്ത്രി സുരേഷ് ഗോപി ശിവഗിരി മഹാസമാധിയിൽ 

Thursday 20 June 2024 4:34 AM IST

ശിവഗിരി: കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ്ഗോപി ഇന്നലെ ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തി. രാവിലെ പതിനൊന്നരയോടെ ശിവഗിരിയിലെത്തിയ മന്ത്രിയെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ഷാളണിയിച്ച് സ്വീകരിച്ചു.

മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി സന്യാസിമാരിൽ നിന്നും പ്രസാദം സ്വീകരിച്ചു. മുൻകേന്ദ്ര മന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവരും മഹാസമാധിയിൽ സന്നിഹിതരായിരുന്നു. അതിഥി മന്ദിരത്തിലെ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി യോഗാനന്ദ തീർത്ഥ എന്നിവർ പങ്കെടുത്തു. ഗുരുദേവ ജീവചരിത്രം കൃതികൾ ഉൾപ്പെടെ ശിവഗിരി മഠത്തിന്റെ ഉപഹാരം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് മന്ത്രിക്ക് നൽകി. ബാല്യത്തിൽ പിതാവിനൊപ്പം വർക്കല ബീച്ച് സന്ദർശിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രി പരാമർശിച്ചു. അടുത്ത ഗുരുദേവ ജയന്തി ദിനത്തിൽ ശിവഗിരിയിലെ സമ്മേളനത്തിലേക്ക് സച്ചിദാനന്ദ സ്വാമിയുടെ ക്ഷണം മന്ത്രി സ്വീകരിച്ചു. സമാധിപീഠത്തിലെ ദർശനവേളയിൽ ഗുരുദേവ കൃതി ശിവപ്രസാദ പഞ്ചകം മന്ത്രി ഉരുവിട്ടു. നേരത്തെ ഈ കൃതി സുരേഷ്ഗോപി ചൊല്ലിയത് യൂടൂബിലും മറ്റും പ്രചുര പ്രചാരം നേടിയ കാര്യം സന്യാസിമാർ ശ്രദ്ധയിൽപ്പെടുത്തി. ഗുരുദേവന്റെ മറ്റ് കൃതികളും ഇതേവിധം ആലാപനം ചെയ്യാവുന്നതാണെന്ന് മന്ത്രി സൂചിപ്പിച്ചു.

ഫോട്ടോ: കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ്ഗോപി ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തിയപ്പോൾ. സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ സമീപം

Advertisement
Advertisement