ഭൗമശാസ്ത്ര ഒളിംപ്യാഡിൽ നമ്മുടെ സിദ്ധാർത്ഥ്, ഭൗമശാസ്ത്ര മന്ത്രാലയ അംബാസഡറായി രാജ്യത്തെ പ്രതിനിധീകരിക്കും

Thursday 20 June 2024 4:27 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിംപ്യാഡിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ഒരുക്കത്തിലാണ് 16കാരൻ സിദ്ധാർത്ഥ് കുമാർ ഗോപാൽ. ഇന്ത്യയിൽ നിന്ന് നാലു കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തിലെ ഏക ദക്ഷിണേന്ത്യൻ വിദ്യാർത്ഥിയാണ് മലയാളിയായ സിദ്ധാർത്ഥ്. ചൈനയിൽ നടക്കുന്ന മത്സരത്തിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അംബാസഡറായാണ് സിദ്ധാർത്ഥും ഒപ്പമുള്ളവരും പങ്കെടുക്കുന്നത്.

50 രാജ്യങ്ങളിൽ നിന്നായി 200ലേറെ കുട്ടികൾ പങ്കെടുക്കും. ജനുവരിയിലായിരുന്നു ഒളിംപ്യാഡിലേക്കുള്ള തിരഞ്ഞെടുപ്പ്. ജിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്തെ 13,​000 വിദ്യാർത്ഥികൾക്ക് ഭൗമശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട ടെസ്റ്ര് നടത്തി. ഇതിൽ നിന്ന് തിരഞ്ഞെടുത്ത 20 വിദ്യാർത്ഥികൾക്കായി ഷില്ലോംഗിൽ വച്ച് മൂന്നുമാസത്തെ പരിശീലനവും മത്സരങ്ങളും നടത്തി. മേഘാലയയിലെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം. പാറക്കല്ലുകളുടെയും മണ്ണിന്റെയും ഘടന കണ്ടെത്തുന്നതുൾപ്പെടെ ഉള്ള മത്സരങ്ങളിൽ സിദ്ധാർത്ഥ് ക്യാമ്പിന്റെ ടോപ്പറായി.

ചൈനയിൽ പോകുംമുമ്പ് ചെന്നൈയിൽ വച്ച് മെന്റർഷിപ്പ് ക്യാമ്പും ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയും ഫീൽഡ് ടെസ്റ്രും ഇതിൽ ഉണ്ടായിരിക്കും. സെന്റ് തോമസ് റസിഡ്യൻഷ്യൽ സ്കൂളിൽ നിന്ന് ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് നേടിയ സിദ്ധാർത്ഥ് സ്കൂൾ ടോപ്പറായിരുന്നു. ഇപ്പോൾ ബംഗളൂരുവിലാണ് പ്ലസ്‌വൺ പഠിക്കുന്നത്.

സിദ്ധാർത്ഥിന്റെ ഹോബി

ചുറ്റുമുള്ള ചെറുതും വലുതുമായ കാര്യങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നതാണ് ഹോബി. 2020ൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ജൂനിയർ അസ്ട്രോണമി ഒളിംപ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ കരസ്ഥമാക്കി. കൈതമുക്കിലാണ് താമസം. അച്ഛൻ ഡോ. കുമാർ ഗോപാൽ, അമ്മ വന്ദന രാജേന്ദ്രൻ. സഹോദരി ഭുവന(അഞ്ചാംക്ലാസ് വിദ്യാർത്ഥി)

എർത്ത് സയൻസ് ഒളിംപ്യാഡ്

കുട്ടികളിൽ ഭൗമശാസ്ത്രത്തെപ്പറ്രി അവബോധം വളർത്തുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ജിയോസയൻസ് എഡ്യൂക്കേഷൻ ഓർഗനൈസേഷനാണ് സംഘാടകർ. ഇതുവരെ നടത്തിയത് 16 ഒളിംപ്യാഡുകൾ. ജിയോളജി, ജിയോഫിസികസ്, ഓഷ്യാനോഗ്രഫി എന്നിവയിലുള്ള പ്രാവീണ്യവും അളക്കും.

Advertisement
Advertisement