ഫെഡറൽ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു

Thursday 20 June 2024 1:38 AM IST
ഫെഡറൽ റുപയ കാർഡ്

കൊച്ചി: നാഷനൽ പേമെന്റ്‌സ് കോർപറേഷൻ ഒഫ് ഇന്ത്യ(എൻ.പി.സി.ഐ)യുമായി ചേർന്ന് ഫെഡറൽ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഇടപാടുകാർക്ക് യു.പി. ഐ മുഖേന സൗകര്യപ്രദമായി ഇപാടുകൾ നടത്താമെന്നതാണ് സവിശേഷത. ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങൾക്കും ഫീച്ചറുകൾക്കുമൊപ്പം യുപിഐ പേമെന്റിന്റെ സൗകര്യവും ഒന്നിച്ചു ലഭ്യമാക്കുന്ന സംവിധാനം ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഫെഡറൽ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് യു.പി.ഐ ആപ്പുമായി ബന്ധിപ്പിച്ച് വേഗത്തിലുള്ള സുരക്ഷിതമായ ഇടപാടുകൾ നടത്താം.

ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകാർക്ക് മൊബൈൽ ബാങ്കിംഗ് ആപ്പായ ഫെഡ്‌മൊബൈലിലെ കേവലം രണ്ടു ക്ലിക്കുകളിലൂടെ പുതിയ കാർഡ് ലഭിക്കും. പ്രവേശന ഫീസോ വാർഷിക ഫീസോ ഇല്ല. വേവ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ആദ്യ അഞ്ച് യു.പി.ഐ ഇടപാടുകൾക്ക് 10 ശതമാനം കാഷ് ബാക്കും ലഭിക്കും. ഓരോ മൂന്നുമാസത്തിലും ചെലവഴിക്കുന്ന 50,000 രൂപയ്ക്ക് 1000 ബോണസ് റിവാഡ് പോയിന്റും ലഭിക്കും. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ആദ്യം ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കണം. തുടർന്ന് വേവ് ക്രെഡിറ്റ് കാർഡ് ലഭിക്കും.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പേമെന്റ് സംവിധാനമായ യുപിഐയുടെ സൗകര്യങ്ങൾ പൂർണമായി ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. ലളിതമായ ഡിജിറ്റൽ നടപടികളിലൂടെ നിമിഷങ്ങൾക്കകം തന്നെ വിപണിയിൽ ലഭ്യമായ ഏത് യു.പി.ഐ ആപ് മുഖേനയും ഈ കാർഡ് ഉപയോഗിച്ചു തുടങ്ങാമെന്നും ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

ഇന്ത്യക്കാർക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള ലളിതമായ ഡിജിറ്റൽ സംവിധാനങ്ങളൊരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു പടിയാണ് ഫെഡറൽ ബാങ്കുമായുള്ള റുപേ വേവ് ക്രെഡിറ്റ് കാർഡ് സഹകരണമെന്ന് എൻ.പി.സി.ഐ ചീഫ് ഓപറേറ്റിംഗ് ഒഫീസർ പ്രവീണ റായ് പറഞ്ഞു.

Advertisement
Advertisement