ഇൻഫോപാർക്കിൽ വേൾഡ് ട്രേഡ് സെന്ററിന് മൂന്നാം ടവർ

Thursday 20 June 2024 1:02 AM IST
കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ടത്തിൽ വേൾഡ് ട്രേഡ് സെന്റർ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇൻഫോപാർക്കും ബ്രിഗേഡ് ഗ്രൂപ്പും ഒപ്പി​ട്ട കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു

ഇൻഫോപാർക്കും ബ്രിഗേഡ് ഗ്രൂപ്പും കരാർ ഒപ്പിട്ടു

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ടത്തിൽ വേൾഡ് ട്രേഡ് സെന്റർ മൂന്നാം കെട്ടിടസമുച്ചയത്തിനായി ഇൻഫോപാർക്കും ബ്രിഗേഡ് ഗ്രൂപ്പും കരാർ ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ വ്യവസായ, മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ.വേണു വി., ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തി, ബ്രിഗേഡ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ എം.ആർ.ജയശങ്കർ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ നിരുപശങ്കർ എന്നിവർ പങ്കെടുത്തു.
ബംഗളുരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പ് വേൾഡ് ട്രേഡ് സെന്ററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവർ പണിയുന്നത്. 1.55 ഏക്കറിൽ 2.6 ലക്ഷം ചതുരശ്രയടി സ്ഥലം പുതിയ ഓഫീസുകൾക്കായി ലഭിക്കും. ഇതിലൂടെ 2,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആറ് നിലകളിലെ കാർ പാർക്കിംഗ് ഉൾപ്പെടെ 16 നിലകളായാണ് മൂന്നാമത്തെ ടവർ നിർമ്മിക്കുക. മൂന്നുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. 150 കോടി രൂപ നിക്ഷേപമാണ് ഇതിലൂടെ നടക്കുന്നത്.

ബ്രിഗേഡ് ഗ്രൂപ്പിന്റെ വേൾഡ് ട്രേഡ് സെന്റർ പദ്ധതിയിൽ രണ്ട് ടവറുകളാണ് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നത്. മൊത്തം 7,70,000 ചതുരശ്രയടി കെട്ടിടങ്ങൾ പൂർണമായും കമ്പനികൾക്ക് കൈമാറി. 37 കമ്പനികളിലായി 8000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ഇൻഫോപാർക്ക് ഒന്നാംഘട്ടത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടണും ബ്രിഗേഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ബ്രിഗേഡ് സ്‌ക്വയറും നിർമ്മാണത്തിലാണ്.

...........................................................

2.6

1.55 ഏക്കറിൽ 2.6 ലക്ഷം ചതുരശ്രയടി

സ്ഥലം പുതിയ ഓഫീസുകൾക്കായി ലഭിക്കും.

2,700

പുതി​യ 2,700 തൊഴിലവസരങ്ങൾ

സൃഷ്ടിക്കപ്പെടും

വേൾഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവർ ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിപ്പിനു വേഗംകൂട്ടും.

പിണറായി വിജയൻ, മുഖ്യമന്ത്രി


ബ്രിഗേഡിന്റെ പുതിയ പദ്ധതി വരുന്നതോടെ സംരംഭകരുടെ ആവശ്യം പരിഹരിക്കാൻ സാധിക്കും. പ്രമുഖ കമ്പനികളെ ആകർഷിക്കാനുള്ള സാദ്ധ്യത വർദ്ധിക്കും.

സുശാന്ത് കുറുന്തിൽ,

സി.ഇ.ഒ, ഇൻഫോപാർക്ക്


ഭൂമി ലഭിച്ചാൽ കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ട്രേഡ് സെന്ററിന്റെ മൂന്നാം ടവർ ഐ.ടി., ഐ.ട അനുബന്ധ മേഖലകൾക്ക് ഗുണകരമാകും.

എം.ആർ ജയശങ്കർ,

എക്‌സിക്യൂട്ടീവ് ചെയർമാൻ, ബ്രിഗേഡ് ഗ്രൂപ്പ്

Advertisement
Advertisement