'ജല' ഭയത്തിൽ വലഞ്ഞ് എറണാകുളത്തുകാർ  പരിശോധനക്കുറവ് വിനയായി

Thursday 20 June 2024 12:45 AM IST

കൊച്ചി: കുടിവെള്ളത്തിൽ നിന്ന് രോഗബാധ പതിവാകുന്നതോടെ ജലശ്രോതസുകളിൽ നിന്നുള്ള പകർച്ച വ്യാധി ഭയത്തിൽ ജില്ല . ജലമലിനീകരണവും ജലജന്യ രോഗങ്ങളുടെ വ്യാപനവും പതിവായി റിപ്പോർട്ടു ചെയ്യപ്പെടുകയാണ്. കാക്കനാട്ട് ഡി.എൽ.എഫിന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ കുടിവെള്ളത്തിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് ഒടുവിലത്തേത്. 500 ലേറെ പേർ രോഗ ബാധിതരായി ചികിത്സ തേടിയെന്നാണ് കണക്ക്. വീടുകളിലെയും ഫ്‌ളാറ്റ് സമുച്ചയങ്ങളിലും കുടിവെള്ള വിതരണ വാട്ടർ ടാങ്കുകളിൽ കാര്യക്ഷമമായ ശുചീകരണവും പരിശോധനയുമില്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

 ജല മലിനീകരണം വില്ലൻ

എറണാകുളം നഗരത്തിലെ റവന്യൂ ടവറിലും കാക്കനാട്ട് ഡി.എൽ.എഫ് ഫ്‌ളാറ്റിലും കളമശേരിയിലും ഉൾപ്പെടെ വില്ലനായത് ജല മലിനീകരണമാണ്. വാട്ടർ അതോറിട്ടി പൈപ്പുകളിലും ടാങ്കുകളിലും മറ്റുമുണ്ടാകുന്ന ചോർച്ച, സെപ്റ്റിക് ടാങ്കുകളും കുടിവെള്ള ടാങ്കുകളും അടുത്തടുത്ത് വരുന്നതും എന്നിങ്ങനെ ജലമലിനീകരണ കാരണങ്ങൾ നീളുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മലിനജലം ഭൂഗർഭടാങ്കുകളിലേക്ക് ഒഴുകിയിറങ്ങുന്നതും പ്രശ്‌നമാണ്. വാട്ടർ ടാങ്കുകൾക്ക് സമീപമോ പ്രാഥമിക സ്രോതസിലോ എലി ഉൾപ്പെടെയുള്ള ജീവികൾ ചത്തു കിടന്നാലും പ്രശ്നമാണ്. ഒന്നിലധികം ജലസ്രോതസുകൾ ഒന്നിച്ച് ചേർന്നുവരുന്ന സ്ഥലങ്ങളിൽ പരിശോധനകൾ വ്യാപകമാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം.


 ഇ കോളി ബാക്ടീരിയ സാന്നിദ്ധ്യം

വെള്ളത്തിൽ ഇ.കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ട്. കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പൂജ്യം ആയിരിക്കണം. പലപ്പോഴും സെപ്റ്റിക് മാലിന്യങ്ങളാണ് കോളീഫോം മലിനീകരണത്തിന്റെ കാരണക്കാർ.

സ്വാഭാവിക നദീജലത്തിൽ സാധാരണയായി വിവിധ സ്രോതസുകളിൽ നിന്നുള്ള ഇ. കോളി അടങ്ങിയിട്ടുണ്ട്. ഫലപ്രദമായ ക്ലോറിനേഷനിലൂടെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കഴിയും. ജലവിതരണത്തിന് ഇത് അത്യന്താപേക്ഷിതമാണ്.


ജലസ്രോതസുകളിൽ കൃത്യമായ പരിശോധന നടത്തണം. കുടിവെള്ളത്തിൽ കോളീഫോം അളവ് കണ്ടെത്തിയാൽ ഉദര രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാദ്ധ്യതകൾ ഏറെയാണ്.
ഡോ. രാജീവ് ജയദേവൻ
ഐ.എം.എ മുൻ പ്രസിഡന്റ്

 ആശങ്ക അകറ്റണം: എ.ഐ.വൈ.എഫ്


ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളത്തിൽ നിന്നുള്ള ജലജന്യരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ സ്വകാര്യ കുടിവെള്ള വിതരണ സംവിധാനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് കർമ്മപദ്ധതിക്ക് രൂപംനൽകണമെന്നും എ.ഐ.വൈഎഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement