സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് സമാപനം, അടിത്തറ ഉലഞ്ഞു; വേണം തിരുത്തൽ

Thursday 20 June 2024 4:11 AM IST

#പിന്നാക്ക പിന്തുണ തിരിച്ചുപിടിക്കണം
# മുഖ്യമന്ത്രിക്ക് കടുത്ത വിർമശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രവർത്തന ശൈലിയും പെരുമാറ്റ രീതിയും സി.പി.എമ്മിനെ ജനങ്ങളിൽ നിന്നകറ്റിയെന്ന് സംസ്ഥാന നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനം. ഇതോടെ, പാർട്ടിയിലും ഭരണത്തിലും അടിമുടി തിരുത്തൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. അടിസ്ഥാന വോട്ടുകൾ പോലും തകർന്നടിഞ്ഞതോടെയാണ് വീണ്ടുവിചാരത്തിന് പാർട്ടി തയ്യാറായത്.

ഈഴവരാദി പിന്നാക്ക-പട്ടിക വിഭാഗം പാർട്ടിയിൽ നിന്ന് അകന്നതാണ് ഇത്ര കനത്ത തിരിച്ചടിക്ക് കാരണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലും പറയുന്നു. പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന വാദം ഇതോടെ പൊളിയുകയും ചെയ്തു.

പിണറായി സർക്കാരിന്റെ അതിരുവിട്ട ന്യൂനപക്ഷ പ്രീണനത്തോടൊപ്പം ഭരണത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് പിന്നാക്ക-

പട്ടിക വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന സമീപനവും സർക്കാരിനും മുന്നണിക്കും തിരിച്ചടിയായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുതലാക്കിയ പൗരത്വ ഭേദഗതി നിയമം ഈ തിരഞ്ഞെടുപ്പിലും ഏക അജൻഡയാക്കി മുഖ്യമന്ത്രി

ഉൾപ്പെടെ നടത്തിയ പ്രചാരണം സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനുള്ള അടവായാണ് ജന കണ്ടത് . പിന്നാക്ക ജനതയുടെ സാമൂഹ്യ നീതിക്ക് ഉപയുക്തമെന്ന് കരുതുന്ന ജാതി സെൻസസിനോട് പിണറായി സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന വികാരവും ആ ജനവിഭാഗങ്ങളെ ഇരുത്തിചിന്തിപ്പിച്ചു.

വേണ്ടത് സ്തുതി

പാടലല്ല, തിരുത്തൽ

പിണറായി വിജയൻ 1998ൽ സംസ്ഥാന സെക്രട്ടറിയായതു മുതൽ പാർട്ടിയിലും 2016ൽ മുതൽ ഭരണത്തിലും പിണറായി യുഗം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്ര ശക്തമായ വിമർശനം പാർട്ടി നേത‌ൃത്വത്തിൽ നിന്ന് അദ്ദേഹത്തിനെതിരെ ഉയരുന്നത്. വിമർശനങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ ഇന്നലെ പിണറായി മറുപടി നൽകി.

ഭരിക്കുന്നത് മുഖ്യമന്ത്രിയും

19 നിഴലുകളും

മുഖ്യമന്ത്രിയും 19 നിഴലുകളുമാണ് ഇപ്പോഴത്തെ സർക്കാരിനെ നയിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തുറന്നടിച്ച വിമർശനം. കഴിഞ്ഞ പിണറായി സർക്കാരുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം ദയനീയ പരാജയമാണ് കാഴ്ചവയ്ക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ചിലർ തുറന്നടിച്ചു.

1. ഭരണവിരുദ്ധവികാരം, മുഖ്യമന്ത്രിയുടെ ചില നേരങ്ങളിലെ നിലപാടുകൾ എന്നിവയാണ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയത്

2. സർക്കാർ പാർട്ടിയുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാലും തിരുത്തലില്ല. സർക്കാരിന്റെ പ്രവർത്തനം പാർട്ടി സമഗ്രമായി വിലയിരുത്തണം

3. തെറ്റുതിരുത്തൽ രേഖ പാതിവഴിക്ക് ഉപേക്ഷിച്ചു. ഇതു നടപ്പിലാക്കാൻ ചെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് രേഖ ബാഗിൽ നിന്നു പുറത്തെടുക്കാൻപോലും കഴിഞ്ഞില്ല

4. ജില്ലാ നേതാക്കൾ പോലും അഴിമതി കേസുകളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു. സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ഇവർ കൂടുതൽ തെറ്റുകളിലേയ്ക്കു പോകുന്നത്

5. ആരോഗ്യവകുപ്പിൽ ബാഹ്യശക്തികളാണ് ഭരിക്കുന്നതെന്ന് വിമർശനം നേരത്തേയുണ്ട്. ഇക്കാര്യം പലതവണ സൂചിപ്പിച്ചിട്ടും അന്വേഷിക്കാൻപോലും ബന്ധപ്പെട്ടവർ തയാറായില്ല

Advertisement
Advertisement