തലശ്ശേരിയിൽ തുറന്നടിച്ച് യുവതി, 'ആളൊഴിഞ്ഞ വീടുകളിൽ പാർട്ടിയുടെ ബോംബ് നിർമ്മാണം'

Thursday 20 June 2024 4:19 AM IST

എരഞ്ഞോളിയിലെ സീന മാദ്ധ്യമങ്ങൾക്ക് മുന്നിൽ

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ വീണ തേങ്ങ പെറുക്കാനെത്തിയ വേലായുധൻ (85) സ്റ്റീൽ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അയൽവാസിയായ യുവതി സീന. പ്രദേശത്തെ ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമ്മാണ ഹബ്ബാണ്. ബോംബ് പൊട്ടി മരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഇതിനെതിരെ പ്രതികരിക്കുന്നവർക്ക് രക്ഷയില്ല.

ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട്‌ ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. താൻ ഇത് തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. പരസ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ സീന പ്രതികരിച്ചു. സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാരെത്തി ബോംബുകൾ എടുത്തുമാറ്റി. സഹികെട്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. ഭയമില്ലാതെ ഞങ്ങൾക്ക് ഇവിടെ ജീവിക്കണം- സീന പറഞ്ഞു.

അന്വേഷണത്തിന്

പ്രത്യേക സംഘം

സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ച സംഭവം തലശേരി എ.എസ്.പി കെ.എസ് ഷഹൻഷായുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ബോംബിന്റെ ഉറവിടം കണ്ടെത്തും. ആൾത്താമസമില്ലാത്ത വീടുകളുടേയും പറമ്പുകളുടേയും പട്ടിക തയ്യാറാക്കും. തലശേരി, പാനൂർ മേഖലകളിൽ വ്യാപക പരിശോധന നടത്തും. അതേസമയം, ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.

Advertisement
Advertisement