നിക്ഷേപകർ അമ്പരപ്പിൽ, കേരളത്തിലെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില കുതിക്കുന്നു

Wednesday 19 June 2024 10:45 PM IST

കൊച്ചി: കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല കമ്പനികളായ കൊച്ചിൻ ഷിപ്പ്‌യാർഡും ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡും(ഫാക്ട്) ഓഹരി വിപണിയിൽ പുതുചരിത്രമെഴുതുന്നു. ചുരുങ്ങിയ കാലയളവിൽ ഇരു കമ്പനികളുടെയും വിപണി വിഹിതത്തിൽ വലിയ വർദ്ധനയാണുണ്ടായത്. പൊതുമേഖല കമ്പനികളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രൊഫഷണൽ മാനേജ്മെന്റ് ഏർപ്പെടുത്തിയതും ബിസിനസ് വളർച്ചയ്ക്കായി അനുകൂല സാഹചര്യങ്ങളൊരുക്കിയതുമാണ് ഇവർക്ക് നേട്ടമായത്.

432 രൂപയിൽ നിന്ന് 2,320 രൂപയിലേക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ്

ചുരുങ്ങിയ സമയത്തിൽ നിക്ഷേപകർക്ക് വൻ ലാഭം നൽകി കൊച്ചിൻ ഷിപ്പ്‌യാർഡ് ചരിത്രക്കുതിപ്പ് തുടരുകയാണ്. ഇന്നലെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില 9.35 ശതമാനം ഉയർന്ന് 2,320 രൂപയിലെത്തി. അന്തർവാഹിനികളുടെയും വലിയ കപ്പലുകളുടെയും നിർമ്മാണ കരാർ വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ ഒഴുകിയെത്തിയതാണ് കമ്പനിക്ക് വൻ നേട്ടമായത്. പ്രാരംഭ ഓഹരി വില്പനയിൽ 432 രൂപയിലാണ് ഷിപ്പ്‌യാർഡ് എക്സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്തത്. മാർച്ച് 28ന് കമ്പനിയുടെ ഓഹരി വില 872 രൂപയിലായിരുന്നു. ഏപ്രിൽ ആദ്യ വാരത്തിൽ ഓഹരി വില 1,155 രൂപയായും വിപണി മൂല്യം 30,400 രൂപയായും ഉയർന്നു. രണ്ട് മാസത്തിന് ശേഷം കമ്പനിയുടെ ഓഹരി വില 2,320 രൂപയിലേക്കും വിപണി മൂല്യം 61,055 കോടി രൂപയായും ഉയർന്നു. കഴിഞ്ഞ വാരം മാത്രം കമ്പനിയുടെ ഓഹരി വിലയിൽ 12 ശതമാനം വർദ്ധനയുണ്ട്.

വമ്പൻ നേട്ടത്തോടെ ഫാക്ട്

രണ്ട് വർഷത്തിനിടെ കൊച്ചി ആസ്ഥാനമായ ഫാക്‌ടിന്റെ ഓഹരി വില നൂറ് രൂപയിൽ നിന്ന് 866 രൂപയായി കുതിച്ചുയർന്നു. കാർഷിക മേഖലയിലെ മികച്ച സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ബിസിനസ് ഉയർത്തിയതാണ് കമ്പനിക്ക് ഗുണമായത്. ഇതോടൊപ്പം പ്രവർത്തന ചെലവ് കുറച്ചതും അധിക വരുമാനം കണ്ടെത്തിയതും അനുകൂല സാഹചര്യമൊരുക്കി. രാസവളം മേഖലയിൽ സ്വയം പര്യാപ്തത നേടാനുള്ള നടപടികൾ ഫാക്ടിന് വലിയ നേട്ടമാകുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്.

കമ്പനി വിപണി മൂല്യം

കൊച്ചിൻ ഷിപ്പ്‌യാർഡ് 61,055 കോടി രൂപ

ഫാക്‌ട് 56,088 കോടി രൂപ

Advertisement
Advertisement