സർക്കാരിന്  ഹൈക്കോടതി  നിർദേശം:  മൂന്നാർ  കൈയേറ്റം  ഒഴിപ്പിക്കാൻ സ്പെഷ്യൽ  ഓഫീസർ   വേണം

Thursday 20 June 2024 12:57 AM IST

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റമൊഴിപ്പിക്കൽ അടക്കമുള്ള നടപടികൾക്കായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി.

മൂന്നാറിൽ അനുമതിയില്ലാതെ എട്ട് നിലക്കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നുവെന്ന പരാതിയിൽ ഉടൻ അന്വേഷണം നടത്തി സ്റ്റോപ്പ് മെമ്മോ നൽകാൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ജില്ലാ കളക്ടർക്ക് തുല്യമോ അതിലധികമോ അധികാരമുള്ള ഉദ്യോഗസ്ഥനെയാണ് സ്പെഷ്യൽ ഓഫീസറായി നിയമിക്കേണ്ടതെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

കൈയേറ്റം ഒഴിപ്പിക്കാൻ മാത്രമല്ല, അർഹരായവർക്ക് പട്ടയം നൽകുന്നതിലടക്കം തീരുമാനം എടുക്കാനാണ് സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുന്നത്.
റവന്യൂ, പൊലീസ് വകുപ്പുകളുടെ സഹായത്തോടെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി വേണം. സർവേയ്‌ക്കായി നിയോഗിച്ച സ്‌പെഷ്യൽ ടീമിനെയും സ്‌പെഷ്യൽ ഓഫീസറുടെ കീഴിലാക്കണം.

വിഷയത്തിൽ ജൂൺ 25ന് സർക്കാർ നിലപാട് അറിയിക്കണം. ഇടുക്കിയിലെ കൈയേറ്റത്തെക്കുറിച്ചുള്ള രാജൻ മധേക്കർ റിപ്പോർട്ടിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 19 ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തിലും സർക്കാർ അന്ന് നിലപാട് വ്യക്തമാക്കണം.

പട്ടയത്തിനുള്ള അപേക്ഷയും മറ്റും കൃത്രിമമായി ഉണ്ടാക്കി വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി.

ഇടുക്കിയിലെ ഭൂമി കൈയേറ്റത്തിനെതിരെ`വൺ എർത്ത് വൺ ലൈഫ്'എന്ന സംഘടന അടക്കം നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.ഇടുക്കി ജില്ലാ കളക്ടറെ മാറ്റുന്നത് കോടതി നേരത്തേ വിലക്കിയിരുന്നു. കളക്ടറെ മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉപഹർജി നൽകി.സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുമ്പോൾ കളക്ടറെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

മൂന്നാർ വരളുമെന്ന് മുന്നറിയിപ്പ്

കോടതി ആർക്കും എതിരല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നഗരത്തിൽ വലിയ ലോറിയിലാണ് കുടിവെള്ളം എത്തിക്കുന്നത്. ഇതേ അവസ്ഥ മൂന്നാറിലും ഉണ്ടാകും. മൂന്നാർ നശിപ്പിച്ചാൽ സഞ്ചാരികൾ വരാതാകും. നിയമവിരുദ്ധ നിർമ്മാണത്തിനെതിരെ നടപടിക്കായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുമെന്ന് സർക്കാർ മുമ്പ് പറഞ്ഞിരുന്നു. എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് അറിയിക്കണം. കോടതി ഉത്തരവുകൾ മറികടക്കുന്ന പൊതുനിർദ്ദേശങ്ങൾ കളക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥൻ നൽകുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറി ഹരീഷ് വാസുദേവൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിലും ഹൈക്കോടതി വിശദീകരണം തേടി.

Advertisement
Advertisement