ലാസ്റ്റ് ടച്ചിൽ പോർച്ചുഗൽ

Wednesday 19 June 2024 11:17 PM IST

ചെക്ക് റിപ്പബ്ളിക്കിനെ 2-1ന് തോൽപ്പിച്ച് പോർച്ചുഗൽ

പോർച്ചുഗലിന് ജയം നൽകിയത് അവസാനസമയത്ത് പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ കോൺസെയ്സാവോ

ലെയ്പ്സിഗ് : തങ്ങൾക്കൊത്ത എതിരാളികൾ അല്ലായിരുന്നിട്ടുകൂടി ഗോളടിക്കാൻ പാടുപെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും സംഘത്തിനും ചെക്ക് റിപ്പബ്ളിക്കിന് എതിരായ യൂറോ കപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ അവസാന സമയത്തെ ഗോളിലൂടെ വിജയം നൽകി യുവ താരം ഫ്രാൻസിസ്കോ കോൺസെയ്സാവോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ആദ്യം ഗോളടിച്ച് പോർച്ചുഗലിനെ ഞെട്ടിച്ചെങ്കിലും സെൽഫ് ഗോളിലൂടെ എതിരാളികൾക്ക് സമനില സമ്മാനിച്ച ചെക് റിപ്പബ്ളിക്ക് അവസാന സമയത്തെ പ്രതിരോധപ്പിഴവിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

വെറ്ററൻ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുന്നിൽ നിറുത്തി ആക്രമണം നടത്തിയ പോർച്ചുഗലിനെ ബസ് പാർക്കിംഗ് ഡിഫൻസിലൂടെ മുന്നേറാൻ അനുവദിക്കാതെ തളച്ച ചെക്ക് റിപ്പബ്ളിക്ക് കിട്ടിയ അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ കളിയുടെ ഗതി മാറിയേനേ. 62-ാം മിനിട്ടിൽ കൗഫൽ നൽകിയ പന്ത് ബോക്സിന്റെ അരികിൽ നിന്ന് വലയിലേക്ക് തകർപ്പൻ ഷോട്ടിലൂടെ അടിച്ചുകയറ്റിയ ലൂക്കാസ് പ്രൊവോദാണ് ചെക്ക് റിപ്പബ്ളിക്കിനായി സ്കോർ ബോർഡ് തുറന്നത്. എന്നാൽ ഈ ലീഡ് നിലനിറുത്താൻ ചെക്കിന് കഴിഞ്ഞില്ല. 69-ാം മിനിട്ടിൽ ഗോൾ മുഖത്തുവച്ച് ന്യൂനോ മെൻഡസിന്റെ ഒരു ഷോട്ട് ചെക് ഗോളി സ്റ്റാനെക്ക് മുന്നോട്ടുതട്ടിയിട്ടത് റോബിൻ ഹ്രനാക്കിന്റെ കാലിൽതട്ടി വലയിൽ കയറിയതോടെ പോർച്ചുഗലിന് സമനില തിരിച്ചുകിട്ടി.

87-ാം മിനിട്ടിൽ ഡീഗോ യോട്ട ചെക് വലകുലുക്കിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഓഫ്സൈഡായതിനാൽ വാർ പരിശോധിച്ച് റഫറി ഗോൾ നിഷേധിച്ചു. ഇതിന് പിന്നാലെ പകരക്കാരനായിറങ്ങിയ ഫ്രാൻസിസ്കോ കോൺസെയ്സാവോ കളത്തിലിറങ്ങി 111-ാം സെക്കൻഡിൽ വിജയഗോളടിച്ചു. ബോക്സിനുള്ളിലേക്ക് വന്ന പെഡ്രോ നെറ്റോയുടെ ഷോട്ട് ക്ളിയർ ചെയ്യുന്നതിൽ ചെക് ഡിഫൻഡർക്ക് പിഴച്ചപ്പോൾ കിട്ടിയ അവസരം മുതലാക്കി കോൺസെയ്സാവോ വലകുലുക്കുകയായിരുന്നു.

ഈ വിജയത്തോടെ മൂന്ന് പോയിന്റുകൾ ലഭിച്ച പോർച്ചുഗൽ ഗ്രൂപ്പ് എഫിൽ തുർക്കിക്ക് പിന്നിൽ രണ്ടാമതാണ്. ശനിയാഴ്ച തുർക്കിക്ക് എതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ചെക് റിപ്പബ്ളിക്ക് അന്ന് ജോർജിയയെ നേരിടും.

സെർജിയോയുടെ മകൻ

ചെക് റിപ്പബ്ളിക്കിനെതിരെ വിജയഗോൾ നേടിയ ഫ്രാൻസിസ്കോ കോൺസെയ്സാവോ ചില്ലറക്കാരനല്ല. മുൻ പോർച്ചുഗീസ് താരം സെർജിയോ കോൺസെയ്സാവോയുടെ മകനാണ് ഈ 21കാരൻ. പോർച്ചുഗലിനായി 56 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേ‌ടിയിട്ടുള്ള സെർജിയോ ഇപ്പോൾ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയുടെ കോച്ചാണ്.ഈ ക്ളബിലാണ് ഫ്രാൻസിസ്കോ കളിക്കുന്നത്. ക്രിസ്റ്റ്യാനോ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച 2003ലാണ് സെർജിയോ കളം വിട്ടത്.

6

തന്റെ ആറാം യൂറോ കപ്പിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് 39കാരനായ ക്രിസ്റ്റ്യാനോ. 2004,2008,2012,2016,2020 യൂറോ കപ്പുകളിലും കളിച്ച ക്രിസ്റ്റ്യാനോ 2016ൽ കിരീട‌ത്തിൽ മുത്തമി‌ടുകയും ചെയ്തു.

ഇന്നലെ മാർക്കിംഗിൽ കുരുങ്ങിയെങ്കിലും ഗോളടിക്കാൻ നന്നായി പരിശ്രമിച്ചിരുന്നു ക്രിസ്റ്റ്യാനോ. ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയും ഗോളിയുടെ സേവിൽ ഒതുങ്ങിയുമാണ് ക്രിസ്റ്റ്യാനോയുടെ ശ്രമങ്ങൾ അവസാനിച്ചത്.

Advertisement
Advertisement