നിറഞ്ഞുതുളുമ്പട്ടെ, ഫുട്ബാൾ കോപ്പ

Wednesday 19 June 2024 11:29 PM IST

കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന് നാളെ പുലർച്ചെ തുടക്കം

ആദ്യ മത്സരത്തിൽ അർജന്റീന കാനഡയെ നേരിടും.

അറ്റ‌്ലാന്റ: യൂറോപ്പ്യൻ ഫുട്ബാളിന്റെ അതിവേഗപ്പോരാട്ടങ്ങൾക്കൊപ്പം ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ കാൽപ്പനിക സൗന്ദര്യത്തിന്റെ ആഘോഷക്കാലത്തിനും കൊടിയേറുന്നു. അമേരിക്കൻ വൻകരകളുടെ ഫുട്ബാൾ ഉത്സവമായ കോപ്പ അമേരിക്കയുടെ 48-ാം എഡിഷന് ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്. ഇത് രണ്ടാം തവണയാണ് അമേരിക്ക ടൂർണമെന്റിന് വേദിയാകുന്നത്. 2016ൽ ടൂർണമെന്റിന്റെ ശതാബ്ദി പതിപ്പിനാണ് ഇതിന് മുമ്പ് അമേരിക്ക വേദിയായത്.

തെക്കേ അമേരിക്കൻ മേഖലയിലെ 10 ടീമുകളും വടക്കേ അമേരിക്കൻ-കരീബിയൻ മേഖലയിലെ ആറ് ടീമുകളും ചേർന്ന് 16 ടീമുകളാണ് ഇത്തവണ കോപ്പയിൽ മത്സരിക്കുന്നത്. തെക്കേ അമേരിക്കയിൽ നിന്ന് നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീന, മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ, ഉറുഗ്വേ, ബൊളീവിയ,ചിലി,കൊളംബിയ, ഇക്വഡോർ,പരാഗ്വേ,പെറു,വെനിസ്വേല എന്നിവരാണ് മാറ്റുരയ്ക്കാനെത്തുന്നത്. മദ്ധ്യ -വടക്ക് അമേരിക്കകളിൽ നിന്നും കരീബിയൻ ദ്വീപുകളിൽ നിന്നുമായി അമേരിക്ക, കാനഡ, മെക്സിക്കോ,കോസ്റ്റാറിക്ക,ജമൈക്ക,പനാമ എന്നീ ടീമുകളുണ്ടാകും. നാലുടീമുകളടങ്ങുന്ന നാലു ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കുക. ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് മത്സരങ്ങളുണ്ടാകും. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം ക്വാർട്ടർ ഫൈനലിലേക്ക് കടക്കും.

ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും കാനഡയും തമ്മിലാണ് ആദ്യമത്സരം. ജൂലായ് 4.5.6 തീയതികളിലായാണ് ക്വാർട്ടർ ഫൈനലുകൾ. ജൂലായ് 9-10 തീയതികളിൽ സെമിഫൈനലുകളും 13ന് ലൂസേഴ്സ് ഫൈനലും 14ന് ഫൈനലും നടക്കും. ടെക്സാസ്,ജോർജിയ,നോർത്ത് കരോളിന,ന്യൂ ജേഴ്സി,ഹൂസ്റ്റൺ,കലിഫോർണിയ, അരിസോണ. നെവാദ, മിസോറി, കൻസാസ്,ഫ്ളോറിഡ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുന്നത്. ജോർജിയയിലെ അറ്റ്ലാന്റ മെഴ്സഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനൽ നടക്കുന്നത് ഫ്ളോറിഡ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ്. അർജന്റീനയ്ക്കും കാനഡയ്ക്കും ഒപ്പം പെറു.ചിലി എന്നീ കരുത്തർകൂടി എ ഗ്രൂപ്പിൽ അണിനിരക്കുന്നതിനാൽ ഇക്കുറി കോപ്പയിലെ ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾക്ക് ആവേശം കൂടും. ആദ്യ മത്സരത്തിൽ കാനഡയ്ക്ക് എതിരെ വിജയം നേടി ക്വാർട്ടർ പ്രവേശനത്തിന് ആക്കം കൂട്ടാനാകും ലണൽ മെസിയും സംഘവും ഇറങ്ങുക. ഗ്രൂപ്പ് ബിയിൽ മെക്സിക്കോയും ഇക്വഡോറും വെനിസ്വലയും ജമൈക്കയുമാണ് അണിനിരക്കുക. ജമൈക്കയ്ക്ക് എന്ത് അട്ടിമറികളാണ് നടത്താനാവുക എന്നതിനെ അടിസ്ഥാനമാക്കിയാകും ഗ്രൂപ്പിലെ സാദ്ധ്യതകൾ. സി ഗ്രൂപ്പിലാണ് ആതിഥേയരായ അമേരിക്കയ്ക്ക് സ്ഥാനം. ഉറുഗ്വേ, പനാമ,ബൊളീവിയ എന്നിവരും ഒപ്പമുണ്ടാകും. അവസാന ഗ്രൂപ്പിൽ ബ്രസീൽ ഇറങ്ങുന്നു. കൊളംബിയ,പരാഗ്വേ, കോസ്റ്റാറിക്ക എന്നീ മികച്ച ടീമുകൾ ബ്രസീലിനൊപ്പം ഡി ഗ്രൂപ്പിൽ മത്സരിക്കാനിറങ്ങുമ്പോൾ തീ പാറും.

കഴിഞ്ഞ കോപ്പ അമേരിക്കയിലും ലോകകപ്പിലും കിരീടമുയർത്തിയ സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിലാണ് ഇക്കുറിയും അർജന്റീന ഇറങ്ങുന്നത്.കിരീടമില്ലാത്ത രാജാവെന്ന് കളിയാക്കി വിളിച്ചവർക്ക് മുന്നിൽ മെസി രാജ്യത്തിനായി ആദ്യ കിരീ‌ടമുയർത്തിയത് ബ്രസീലിനെ അവരുടെ മണ്ണിൽ കീഴടക്കിയാണ്. ഏയ്ഞ്ചൽ ഡി മരിയ നേ‌ടിയ ഏക ഗോളിനായിരുന്നു റിയോ ഡി ജനീറോയിലെ അർജന്റീനയുടെ ഫൈനൽ വിജയം.അർജന്റീനയുടെ 15-ാമത് കോപ്പയായിരുന്നു അത്. ഇതോടെ ഏറ്റവും കൂടുതൽ തവണ കോപ്പ സ്വന്തമാക്കിയ ടീം എന്ന ഉറുഗ്വേയുടെ റെക്കാഡിനൊപ്പം അർജന്റീനയുമെത്തി. ഒരു പക്ഷേ മെസിയുടെ അവസാന കോപ്പയാകുമിത്. ഏൻജൽ ഡി മരിയയുടെയും അവസാന അന്താരാഷ്ട്ര ടൂർണമെന്റായി ഈ കോപ്പ മാറാനിടയുണ്ട്. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ എത്തുന്നത്. പരിക്ക് മൂലമാണ് നെയ്മർ വിട്ടുനിൽക്കുന്നത്.

ഗ്രൂപ്പ് എ

അർജന്റീന

കാനഡ

പെറു

ചിലി

ഗ്രൂപ്പ് ബി

മെക്സിക്കോ

ഇക്വഡോർ

വെനിസ്വല

ജമൈക്ക

ഗ്രൂപ്പ് സി

അമേരിക്ക

ഉറുഗ്വേ

പനാമ

ബൊളീവിയ

ഗ്രൂപ്പ് ഡി

ബ്രസീൽ

കൊളംബിയ

പരാഗ്വേ

കോസ്റ്റാറിക്ക

Advertisement
Advertisement