കെ.എസ്.ആർ.ടി.സിക്ക് ഫാസ്റ്റാക്കാൻ 220 മിനി ബസിന് ടെൻഡർ
തിരുവനന്തപുരം: എതിർപ്പുകൾ അവഗണിച്ച് കെ.എസ്.ആർ.ടി.സി 220 മിനി ബസ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ആകെ 400 ബസ് വാങ്ങാനായിരുന്നു തീരുമാനം. ആദ്യഘട്ടമായിട്ടാണ് 220 എണ്ണം വാങ്ങുന്നത്. മുൻ അനുഭവത്തിൽ നിന്നു പാഠം പഠിക്കാതെയും പഠനം നടത്തുകയോ വിദഗ്ദ്ധ അഭിപ്രയം തേടുകയോ ചെയ്യാതെയുമാണ് ടെൻഡർ ക്ഷണിച്ചതെന്ന് ആക്ഷേപമുണ്ട്.
2001-03 ൽ ഗണേശ്‌കുമാർ മന്ത്രിയായിരുന്നപ്പോഴും തുടർന്ന് എൻ.ശക്തൻ മന്ത്രിയായപ്പോഴും മിനി ബസ് വാങ്ങിയത് ഓർഡിനറി സർവീസിനായിരുന്നു. അതുവരെ ബസ് സർവീസ് ഇല്ലാതിരുന്ന റൂട്ടുകളിൽ ഓടിക്കാനായിരുന്നു അത്. ഇപ്പോൾ വാങ്ങുന്നത് ഫാസ്റ്റ് പാസഞ്ചറായി സർവീസ് നടത്താനാണ്. മൂന്നു വർഷത്തെ വാറന്റിയിൽ 10.5 മീറ്റർ നീളമുള്ള 'നാല് സിലിണ്ടർ" ഡീസൽ ബസുകൾ വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് ഒന്നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി. ജൂലായ് മൂന്നിന് ടെക്നിക് ബിഡ് തുറക്കും.
കനത്ത നഷ്ടം വരുത്തിവയ്ക്കുകയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത പഴയ മിനിബസ് പദ്ധതി വീണ്ടും കെ.എസ്.ആർ.ടി.സി പൊടിതട്ടിയെടുക്കുന്നതായി ജൂൺ 9ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. കെ.ടി.ഡി.എഫ്.സിയിൽ നിന്ന് അമിത പലിശയ്ക്ക് വായ്പ എടുത്തായിരുന്നു മിനി ബസ് വാങ്ങൽ. രണ്ടാം ഘട്ടമായി ടെൻഡർ കൊടുത്ത ബസുകൾ എത്തുന്നതിനു മുമ്പു തന്നെ മൂന്നാമതും ടെൻഡർ ക്ഷണിക്കാൻ ഗതാഗതവകുപ്പ് നീക്കം നടത്തിയപ്പോൾ അന്ന് കെ.എസ്.ആർ.ടി.സിയുടെ ധനകാര്യ ഉപദേഷ്ടാവായിരുന്ന ധനവകുപ്പ് അഡിഷണൽ സെക്രട്ടറി എതിർപ്പ് അറിയിച്ചു. അതോടെയാണ് മൂന്നാം വട്ടം കച്ചവടം നടക്കാതിരുന്നത്. അത് അവഗണിച്ച് വീണ്ടും ബസുകൾ വാങ്ങിയിരുന്നുവെങ്കിൽ കെ.എസ്.ആർ.ടി.സി കൂടുതൽ കടക്കെണിയിലാകുമായിരുന്നു. മിനിബസുകൾ നിരനിരയായി കട്ടപ്പുറത്താകുന്നതാണ് പിന്നീട് കണ്ടത്.
വരുമാനം വർദ്ധിക്കില്ല ?
1 . സാധാരണ ബസുകൾക്കും മിനി ബസുകൾക്കും ഓപ്പറേഷൻ ചെലവ് സമാനമാണ്. എന്നാൽ, യാത്രക്കാർ മിനി ബസിൽ കൂടുതൽ ഉൾക്കൊള്ളില്ല
2. സാധാരണ ബസിൽ യാത്രക്കാർക്കായി 52 സീറ്റുകൾ വരെയുണ്ടാകും. സീറ്റിംഗ് കപ്പാസിറ്റിയുടെ 25% യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകാനും വ്യവസ്ഥയുണ്ട്.
3. മിനിബസിന് 38 സീറ്റാണുള്ളത്. വീതി കുറഞ്ഞ ബസിൽ നിന്ന് യാത്ര ചെയ്യാൻ ദീർഘദൂരയാത്രക്കാർ മടിക്കും. കൂടുതൽ പേർക്ക് നിൽക്കാനുള്ള സ്ഥലവും ഉണ്ടാകില്ല.